ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശക്തമായ കാറ്റിനൊപ്പം ഉയർന്ന തോതിൽ വേലിയേറ്റവും ഉണ്ടായതിനാൽ യുകെയിൽ പല സ്ഥലത്തും വാഹനഗതാഗതം തടസ്സപ്പെട്ടു. പല തീരദേശ റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കടൽ തീരത്തുണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥ റെയിൽ ഗതാഗതങ്ങളെയും സാരമായി ബാധിച്ചു. സ്കോട്ട്‌ ലന്റിന്റെ ചില ഭാഗങ്ങളിൽ ശക്തമായ രീതിയിൽ മഴപെയ്യുമെന്ന മുന്നറിയിപ്പ് നിലവിൽ ഉണ്ട്. ഇംഗ്ലണ്ടിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതകളെ കുറിച്ച് 42 മുന്നറിയിപ്പുകളാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൽ നിന്ന് നൽകിയിരിക്കുന്നത്. വെയിൽസിൽ ഒരു വെള്ളപ്പൊക്ക മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

വെസ്റ്റ് സസെക്സിൽ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ഒരാളെ ആശുപത്രിയിൽ എത്തിക്കുകയും 180 പേരെ മെഡ്മെറി ഹോളിഡേ പാർക്കിൽ നിന്ന് ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കുകയും ചെയ്തു. ഹാംഷെയറിൻ്റെയും ഐൽ ഓഫ് വൈറ്റിൻ്റെയും ചില ഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. കാസിൽ സ്ട്രീറ്റ്, ഈസ്റ്റ് കൗസ്, സതാംപ്ടണിനടുത്തുള്ള വെസ്റ്റേൺ ഷോർ എന്നിവയുൾപ്പെടെ നിരവധി തീരദേശ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . എന്നാൽ ഇംഗ്ലണ്ടിനെയും വെയിൽസിനെയും ബന്ധിപ്പിക്കുന്ന M48 സെവർൺ പാലം മോശം കാലാവസ്ഥയെത്തുടർന്ന് അടച്ചത് വീണ്ടും തുറന്നിട്ടുണ്ട്.