തിരുവനന്തപുരം: കോവളത്ത് കണ്ടല്‍കാട്ടില്‍ നിന്ന് കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് എത്തിച്ച ഷാജി എന്ന ഓട്ടോ ഡ്രൈവറാണ് മൃതദേഹത്തിലെ വസ്ത്രം തിരിച്ചറിഞ്ഞത്. എന്നാല്‍ ലിഗ ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ഷാജി പറഞ്ഞു. ഈ മൊഴിയോടെ ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.

മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും അവര്‍ വ്യക്തമാക്കി. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തെ വിപുലീകരിച്ചിരുന്നു. മൂന്ന് എസിപിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. മരണം സംബന്ധിച്ച് ലിഗയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.