പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ജന ഗണ മന’ എന്ന ചിത്രത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ജന ഗണ മനയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നതിൽ പ്രയാസവും പ്രശ്നവുമുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമർശം.

സന്ദീപ് വാര്യരുടെ വാക്കുകൾ;

കേരളത്തിൽ ദേശ വിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയ്യാറാണ്. ആരും ഇല്ല. നമ്മുടെ നിർമാതാക്കളുടെ കയ്യിൽ പണമില്ല. നമ്മുടെ ഇടയിൽ നല്ല സംരംഭകരില്ല.

അപ്പുറത്തോ, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ രാജ്യവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി.