തൃശൂര്‍: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂര്‍ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കല്‍ (74) നിര്യാതനായി (28.10.2020). സംസ്‌കാരം ഇന്ന് (29.10.2020) ഉച്ചകഴിഞ്ഞ് മൂന്നിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തില്‍.

രാവിലെ പത്തുവരെ തൃശൂര്‍ സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് കാരമുക്കുള്ള സഹോദരന്റെ വസതിയിലും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കണ്ടശാംകടവ് ചാലയ്ക്കല്‍ പരേതരായ പീറ്റര്‍-മറിയം ദമ്പതികളുടെ മകനാണ്.

ചാലക്കുടി, ഇരിങ്ങാലക്കുട കത്തീഡ്രലുകളില്‍ അസിസ്റ്റന്റ് വികാരിയായും പട്ടിക്കാട്, വേലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഫൊറോന വികാരിയായും കൊടുങ്ങ, അമ്പനോളി, നിര്‍മലപുരം, വൈലത്തൂര്‍, അഞ്ഞൂര്‍, പുതുരുത്തി, ആറ്റത്തറ, പീച്ചി, എരുമപ്പെട്ടി, കടങ്ങോട്, പറവട്ടാനി, ഒളരിക്കര, പുല്ലഴി, ഏനാമാവ്, ചെങ്ങാലൂര്‍, സ്‌നേഹപുരം, അരിമ്പൂര്‍, പുത്തന്‍പീടിക, പഴയങ്ങാടി, കുട്ടംകുളം, പാറന്നൂര്‍ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കല്യാണ്‍ രൂപതയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബലവാനായ ദൈവമേ… ഉള്‍പ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം കലാസദന്‍ സംഗീതവിഭാഗം കണ്‍വീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ സെര്‍വിറ്റസ് എഫ്‌സിസി, സിസ്റ്റര്‍ ഫിഷര്‍ എഫ്‌സിസി, ജോസ്, പോള്‍, ജോസ്ഫീന, ആന്റോ.