ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ബ്രിട്ടണിലെങ്ങും ആഘോഷം. രാജ്യത്തെ നിശാ ക്ലബുകളില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യമെമ്പാടുമുള്ള ചെറുപ്പക്കാരും കൗമാരക്കാരും നൈറ്റ്ക്ലബുകളില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയ തിങ്കളാഴ്ച ഫ്രീഡം ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ദിവസേന 50,000നു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ആളുകള്‍ അവരുടെ സ്വതന്ത്ര ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പിനായുള്ള പ്രചാരണം വിജയിച്ചതിന്റെ ഫലം ഈ രാജ്യം ആസ്വദിക്കണം. അതേസമയം ജാഗ്രത പാലിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും എടുക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബ്രിട്ടണില്‍ 87 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസും 68 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. പ്രതിദിനം മരണങ്ങള്‍ 40 ആയി കുറഞ്ഞു. ജനുവരിയില്‍ ദിവസേന 1,800-ല്‍ അധികം ആളുകള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ നിലവിലെ ഡെല്‍റ്റ വകഭേദം ശക്തി പ്രാപിക്കുമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു. നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം അന്‍പതിനായിരത്തില്‍നിന്ന് അടുത്ത മാസത്തോടെ ഇരട്ടിയായി ഒരു ലക്ഷമാകും.

നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ തീരുമാനം. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരാശയിലാണ്. ആശുപ്രതികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരെ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ പ്രവര്‍ത്തകനായ നിക്ക് സ്‌ക്രിവന്‍ പറഞ്ഞു.