ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കായ 9.4 ശതമാനത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളുടെയും പാൽ, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളുടെയും വിലവർധനവാണ് നിലവിലെ സാഹചര്യത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. പെട്രോൾ നിരക്കുകൾ ലിറ്ററിന് 18.1 പെൻസ് എന്ന നിലയിലാണ് ജൂണിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ അവശ്യവസ്തുക്കളായ പാൽ, മുട്ട, ചീസ് മുതലായവയ്ക്കും വില വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശമ്പള വർദ്ധനവ് വേണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈൻ യുദ്ധം മുതലാണ് ഇന്ധനങ്ങളുടെ വിലയിൽ ക്രമാതീതമായ വർദ്ധനവ് ആരംഭിച്ചത്. 1990 മുതലുള്ള ഏറ്റവും കൂടുതൽ വിലയായ ലിറ്ററിന് 184 പെൻസ് എന്ന നിലയിലാണ് പെട്രോൾ വിലയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ വരുന്ന മാസം ഉണ്ടാകുന്ന എനർജി ബില്ലുകളുടെ വർദ്ധനവ് സാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

യുകെയിലെ പണപ്പെരുപ്പം മറ്റു രാജ്യങ്ങളേക്കാൾ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ധന വിലകളുടെ വർദ്ധനവും, ജീവനക്കാരുടെ കുറവുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് പ്രമുഖ എക്കണോമിസ്റ്റ് പോൾ ഡെയിൽസ് വ്യക്തമാക്കി. ബ്രെക്സിറ്റ് മൂലവും കോവിഡ് മൂലവുമാണ് ബ്രിട്ടനിൽ ജോലിക്കാരുടെ ക്ഷാമം ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ നിർണായകമാണ്.