മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ നീതി തേടി സുപ്രീം കോടതിയില്‍. മണിപ്പൂരിലെ സംഭവങ്ങളില്‍ കോടതി സ്വമേയധാ കേസെടുക്കണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഇവരുടെ ഹര്‍ജി.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സംസ്ഥാനത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ ശ്രദ്ധയില്‍പെട്ട കോടതി, അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ഭരണഘടനയുടെ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളെ സംരക്ഷിക്കണമെന്നും സ്വീകരിച്ച നടപടികള്‍ കോടതിയില്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മേയ് നാലിന് കങ്‌പോക്പി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ രണ്ടാഴ്ച മുന്‍പാണ് പുറത്തുവന്നത്.

അതിനിടെ, മൊറയില്‍ കുക്കി യുവാകളെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മണിപ്പൂരി പോലീസും ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ അംഗങ്ങളും ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. ഇവര്‍ മെയ്‌തേയി വിഭാഗക്കാരായ ഉദ്യോഗസ്ഥരാണെന്നും കുക്കികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും കുക്കികള്‍ പറയുന്നു. മൊറയില്‍ കുറച്ചുദിവസമായി സംഘര്‍ഷം തുടരുകയാണ്.