ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ പരിപാലിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഉൾപ്പെടെയുള്ളതിന് ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് സർക്കാർ പിന്തുണ നൽകണമെന്ന ആവശ്യവുമായി റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക്ടാങ്ക്. ഗവൺമെൻ്റിൻ്റെ പ്രകടനപത്രികയിൽ കുട്ടികളുടെ ദാരിദ്ര്യം നീക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വസന്തകാലത്തോടെ 10 വർഷ കാലയളവിലുള്ള പദ്ധതി മുന്നോട്ട് വയ്ക്കുമെന്ന് മന്ത്രിമാർ അറിയിച്ചിരുന്നു.
കഴിഞ്ഞ ലേബർ സർക്കാർ 600,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി വർക്കിംഗ് പോവർട്ടി ഔട്ട് എന്ന തലക്കെട്ടിൽ റെസല്യൂഷൻ ഫൗണ്ടേഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. സിംഗിൾ പേരെന്റ്സിനായി തൊഴിലവസരങ്ങൾ വർധിപ്പിച്ചത് വഴിയാണ് ഇത് നടപ്പിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്നത്തെ സർക്കാർ നേരിടുന്ന വെല്ലുവിളി വ്യത്യസ്തമാണെന്നും ദാരിദ്ര്യത്തിൽ കഴിയുന്ന 70% കുടുംബങ്ങൾക്കും ഇപ്പോൾ കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും ജോലിയിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് അധിക പിന്തുണ നൽകാൻ റെസല്യൂഷൻ ഫൗണ്ടേഷൻ ലേബർ സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ ദാരിദ്ര്യം കുറയ്ക്കുമെന്ന പ്രതിജ്ഞ നിറവേറ്റുന്നതിനായി സർക്കാർ പ്രവർത്തിക്കണമെന്നും റെസല്യൂഷൻ ഫൗണ്ടേഷൻ പറയുന്നു. ജോലി ചെയ്യുന്ന മാതാപിതാക്കളില്ലാത്ത കുടുംബങ്ങളിൽ പലരും ജോലിക്ക് കാര്യമായ തടസ്സങ്ങൾ നേരിടുന്നു. ഇത്തരത്തിൽ ദാരിദ്രത്തിൽ കഴിയുന്ന പകുതി കുടുംബങ്ങളിലും അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുണ്ട്. ഈ കുടുംബങ്ങളിൽ പകുതിയോളം വൈകല്യമുള്ള അല്ലെങ്കിൽ മോശം ആരോഗ്യമുള്ള മുതിർന്ന വ്യക്തികളും ഉണ്ട്. നിലവിൽ, സൗജന്യ ശിശുസംരക്ഷണം വിപുലീകരിക്കാനുള്ള കൺസർവേറ്റീവുകളുടെ പദ്ധതികൾ നിറവേറ്റുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്ഷൻ ഫോർ ചിൽഡ്രൻ എന്ന ചാരിറ്റിയുടെ കണക്കനുസരിച്ച് യുകെയിൽ 4.3 ദശലക്ഷം കുട്ടികൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്.
Leave a Reply