ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇടിമിന്നലിൽ ബ്രിട്ടനിൽ കനത്ത നാശനഷ്ടം. ഹാംപ്ഷെയറിലെ വീടുകളുടെ മേൽക്കൂര ഇടിമിന്നലേറ്റ് തകർന്നു. ചൂട് കൂടിയതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിൽ ഉണ്ട്. ആൻഡോവറിലെ രണ്ട് വീടുകൾ തകർന്നെങ്കിലും താമസക്കാരായ രണ്ട് സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയും മഞ്ഞുവീഴ്ചയും 55 മൈൽ വേഗതയിലുള്ള കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുകളുള്ളത്. സ്കൂൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതിനാൽ അവധിക്കാല യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നവരെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കും . ഈ വാരാന്ത്യത്തിൽ തന്നെ ഏകദേശം 400,000 വിനോദസഞ്ചാരികൾ ആണ് വിമാനത്താവളങ്ങളിലേയ്ക്ക് യാത്രയ്ക്കായി തിരിച്ചിരിക്കുന്നത് .