ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക ചരിത്രം തന്നെ മാറ്റിയെഴുതിയ കൊറോണവൈറസിനെതിരെയുള്ള യുദ്ധത്തിനൊപ്പം തന്നെ കോവിഡ് -19 നെതിരെയുള്ള പ്രതിരോധ മരുന്നിനായുള്ള രാജ്യങ്ങൾ തമ്മിലുള്ള ശീതസമരവും തന്ത്രങ്ങളൊരുക്കലും അണിയറയിൽ തകൃതിയായി മുന്നേറുകയാണ്. ഫൈസർ, ഓക്സ്ഫോർഡ് അസ്ട്രസെനെക്ക വാക്സിനുകൾക്ക് യുകെയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് തടയാനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നടത്തുന്ന ചരടുവലികൾ വൻ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ കയറ്റുമതിയിലെ നിരോധനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ രാജ്യതലവൻമാരുമായി ബന്ധപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ലോകരാജ്യങ്ങളിൽ ഏറ്റവും ആദ്യം ജനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചത് ബ്രിട്ടനായിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറച്ച് നേട്ടം കൈവരിക്കാൻ രാജ്യത്തിന് സാധിക്കുകയും ചെയ്തു. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെക്കാളും മുൻപ് യുകെയ്ക്ക് വാക്‌സിൻ നിർമ്മാതാക്കളുമായി കരാറിലേർപ്പെടാൻ സാധിച്ചതാണ് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ വിതരണം നടത്താൻ ബ്രിട്ടനെ സഹായിച്ചത്. യൂറോപ്യൻ യൂണിയൻ കരാറിലൊപ്പിടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഡച്ച് നഗരമായ ലൈഡനിലെ ഹാലിക്സ് പ്ലാന്റിൽ നിന്നുള്ള 100 ദശലക്ഷം ഡോസുകൾക്കാണ് ബ്രിട്ടൻ ധാരണയിലേർപ്പെട്ടത്. വാക്‌സിൻ ലഭ്യതയിലും വിതരണത്തിലും കൈവരിച്ച ഈ നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള മറ്റു രാജ്യങ്ങളുടെ നീക്കങ്ങളാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയിൽനിന്നുള്ള വാക്സിൻ ലഭ്യതയിലെ കുറവും ബ്രിട്ടൻെറ പ്രതിരോധകുത്തിവെയ്പ്പ് മുന്നോട്ടുകുതിക്കുന്നതിൻെറ താളം തെറ്റിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.