അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍ ത്രിപുരയിലാണ് ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായത്. ദുരിതബാധിത മേഖല മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദര്‍ശിച്ചു.

ത്രിപുരയിലെ സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായത്. സെപഹജല ജില്ലയിലാണ് ഏറ്റവും ദുരന്തം നേരിട്ടത്. ജില്ലയില്‍ പന്ത്രണ്ടോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് അധിതര്‍ അറിയിച്ചു.

മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച ദുരിതബാധിത മേഖല സന്ദര്‍ശിച്ചു. 5000 ത്തോളം വീടുകള്‍ തകര്‍ന്നതായും 4,200 പേര്‍ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജനങ്ങളോട് നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് സര്‍ക്കാരെങ്കിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ബിപ്ലബ് കുമാര്‍ ദേബ് വ്യക്തമാക്കി.

സെപഹജല ജില്ലയില്‍ 1,170 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൈമാറിയിട്ടുണ്ട്.