വാക്സിന്‍ ക്ഷാമം പല രാജ്യങ്ങളിലും രൂക്ഷമാകുന്നു, അപകടകാരിയായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം, പ്രതിസന്ധികള്‍ക്കിടയില്‍ ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് 40 ലക്ഷം പിന്നിട്ടു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരമാണിത്.

ആദ്യ 20 ലക്ഷം മരണം സംഭവിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയം എടുത്തിരുന്നു. എന്നാല്‍ കേവലം 166 ദിവസം കൊണ്ട് 20 ലക്ഷം ജീവനുകള്‍ കൂടി മഹാമാരി കവര്‍ന്നെടുത്തു. അമേിരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായാണ് 50 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മരണനിരക്ക് പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് കോവിഡ് അതിതീവ്രമായി തുടര്‍ന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 100 കേസുകളില്‍ 43 എണ്ണവും ലാറ്റിന്‍ അമേരിക്കയിലായിരുന്നു. നിലവില്‍ മരണങ്ങല്‍ കൂടുതല്‍ രേഖപ്പെടുത്തുന്നതും പ്രസ്തുത മേഖലയില്‍ തന്നെ. ബൊളീവിയ, ചിലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളില്‍ 25-40 വയസിനിടയിലുള്ളവരെ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

  നടന്‍ വിവേകിന്റെ മരണകാരണം കോവിഡ് വാക്‌സിനല്ല; അന്വേഷണം, ദുരൂഹത ഒഴിയുന്നു....

പല രാജ്യങ്ങളിലും മരണനിരക്ക് ക്രമാധീതമായി ഉയര്‍ന്നതോടെ ശവസംസ്കാരത്തിനുള്ള സൗകര്യങ്ങളും മതിയാകാത്ത അവസ്ഥയുണ്ട്. ഇന്ത്യയിലും ബ്രസീലിലുമാണ് കൂടുതല്‍ പ്രതിസന്ധി. ലോകത്ത് സംഭവിക്കുന്ന മൂന്നില്‍ ഒന്ന് മരണവും ഇന്ത്യയിലാണെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കോവിഡ് മരണങ്ങള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് നിരവധി ആരോഗ്യ വിദഗ്ധന്മാര്‍ പറയുന്നു. ഇന്ത്യയിലെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരത്തിലധികം മരണങ്ങള്‍ പുതുതായി പട്ടികയില്‍ ചേര്‍ത്തു. ജനസംഖ്യക്ക് അനുസരിച്ച് വിതരണം ചെയ്യാനുള്ള വാക്സിന്‍ ഇല്ല എന്നതും പല രാജ്യങ്ങളിലേയും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.