സേവ്യര്‍ ജൂലപ്പന്‍

കൊളോണ്‍: ജര്‍മ്മനിയിലെ കോളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം പ്രവാസി സംഗമത്തിന്റെ 2-ാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി. മലയാളി പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയിലും ഇവര്‍ രാജ്യത്തിന് നല്‍കുന്ന വികസന പങ്കാളിത്തത്തിനും പിന്നിലുള്ള ശക്തമായ ശ്രോതസ്സും പിന്തുണയുമായി നിലകൊള്ളുന്ന വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് അര്‍ത്ഥ പൂര്‍ണമായ മാറ്റുകൂട്ടി.

ജെമ്മ ഗോപുരത്തിങ്കലിന് ഒപ്പം വിവിധ പരിപാടികള്‍ക്ക് എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാസ്, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‘പ്രവാസി മലയാളികളും, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും’ എന്ന വിഷയത്തില്‍ ജി.എം.എഫ് ഇക്കണോമിക്‌സ് ഫോറം സെമിനാറും ചര്‍ച്ചയും നടത്തപ്പെട്ടു. കേന്ദ്ര പ്രവാസി കാര്യ വകുപ്പും കേരള നോര്‍ക്കയും പ്രവാസികളുടെ പ്രതീക്ഷയ്ക്ക് ഒത്തവിധം മതിയായ ആശയസംവാദം നടത്തി കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

സംഗമത്തില്‍ വെച്ച് സിറിയക് ചെറുകാടിന്റെ 5-ാമത്തെ ഓഡിയോ സിഡിയായ സത്യനാദത്തിന്റെ പ്രകാശനം ജി.എം.എഫ്. ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജോസ് പുന്നാംപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു. പ്രവാസി സംഗമത്തിന്റെ 2-ാം ദിനത്തിലും അര്‍ദ്ധരാത്രിയും കടന്നുപോയ കലാസായാഹ്നം വലിയ ആവേശമായി മാറി.

ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന സെമിനാറിന് ഡോ. ജോസഫ് തെരുവത്ത് നേതൃത്വം നല്‍കും. കലാസായാഹ്നത്തില്‍ മേരി ക്രീഗര്‍, സിറിയക് ചെറുകാട്, എല്‍സി വേലൂക്കാരന്‍, ഫാ. സന്തോഷ്, സെബാസ്റ്റിന്‍ കിഴക്കേടത്ത്, ജോയ് വെള്ളാരങ്കാലയില്‍, ഔസേപ്പച്ചന്‍ കിഴക്കേടം, പോള്‍ പ്ലാമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.