അഹമ്മദാബാദ്: ദുബായിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയമായ സ്വർണവേട്ട നടന്നത്.
രഹസ്യവിവരത്തെ തുടർന്ന് എയർക്രാഫ്റ്റ് എഞ്ചിനീയർമാരുടെ സഹായത്തോടെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് കറുത്ത പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് ഒട്ടിച്ച രണ്ട് പൗച്ചുകൾ കണ്ടെടുത്തത്. വിമാനത്തിന്റെ മുൻഭാഗത്തെ ശുചിമുറിയിൽ അനൗൺസ്മെന്റുകൾക്കായി ഉപയോഗിക്കുന്ന വാൾ സ്പീക്കർ ബോക്സ് അഴിച്ചുമാറ്റിയാണ് ഇവ ഒളിപ്പിച്ചിരുന്നത്. പൗച്ചുകൾ തുറന്ന് പരിശോധിച്ചപ്പോൾ 24 കാരറ്റിന്റെ (999.0 പ്യൂരിറ്റി) 24 വിദേശ സ്വർണ്ണ ബിസ്കറ്റുകളാണ് കണ്ടെത്തിയത്. ആകെ 2,799.3 ഗ്രാം (ഏകദേശം 2.8 കിലോഗ്രാം) തൂക്കം വരുന്ന ഈ സ്വർണത്തിന് പ്രാദേശിക വിപണിയിൽ 4,26,89,325 രൂപ വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനത്താവളത്തിലെ കർശന പരിശോധനകൾ വെട്ടിച്ച് ആഭ്യന്തര യാത്രക്കാരനോ ഗ്രൗണ്ട് സ്റ്റാഫോ വഴി പിന്നീട് പുറത്തെത്തിക്കാൻ വേണ്ടിയാണ് സ്വർണം വിമാനത്തിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് കസ്റ്റംസ് നിഗമനം. സുരക്ഷാ പരിശോധന കടുപ്പിച്ചതോടെ പിടിയിലാകുമെന്ന് ഭയന്ന് കടത്തുകാർ സ്വർണം ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. വിമാനത്തിലെ യാത്രക്കാരോ ജീവനക്കാരോ ആരും തന്നെ സ്വർണത്തിന്മേൽ അവകാശവാദം ഉന്നയിക്കാത്തതിനാൽ കസ്റ്റംസ് ആക്ട് 1962 പ്രകാരം ഇത് ‘ഉടമസ്ഥരില്ലാത്ത വസ്തുവായി’ കണ്ട് കണ്ടുകെട്ടി. സംഭവത്തിന് പിന്നിലെ അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘത്തെ കണ്ടെത്താൻ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











Leave a Reply