കോവിഡ് ആഘാതം നേരിടാൻ സഹായമായി എൻ‌എച്ച്‌എസിന് അടുത്ത ആറ് മാസത്തിനുള്ളിൽ 5.4 ബില്യൺ ഡോളർ അധികമായി ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മഹാമാരി മൂലം കാലതാമസം നേരിടുന്ന ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകളുടേയും മറ്റ് ചികിത്സകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അധിക ഫണ്ടിംഗ് സഹായിക്കും.

നിലവിൽ ഇംഗ്ലണ്ടിൽ എൻഎച്ച്എസ് ആശുപത്രി ചികിത്സയ്ക്കായി ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വേനൽക്കാലത്ത് കണക്കുകൾ റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. അടുത്ത ശരത്കാലത്തോടെ 14 ദശലക്ഷം ആളുകൾ എൻ‌എച്ച്‌എസ് കാത്തിരിപ്പ് പട്ടികയിൽ ഉണ്ടാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

5.4 ബില്യൺ പൗണ്ട് ധനസഹായം എൻ‌എച്ച്‌എസിന് നിലവിലുള്ള കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാനും വെയിറ്റിംഗ് ലിസ്റ്റുകൾ തീർപ്പാക്കാനും നിർണ്ണായകമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ കൂടുതൽ ആളുകൾ ചികിത്സാ സഹായത്തിനായി മുന്നോട്ട് വരുന്നതിനാൽ വെയിറ്റിംഗ് ലിസ്റ്റുകൾ മെച്ചപ്പെടുന്നതിന് മുമ്പ് സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം സമ്മതിച്ചു.

ചികിത്സാ സഹായം ആവശ്യമുള്ളവർക്കായി എൻ. എച്ച്. എസ് തുറന്നിരിക്കുന്നതായും രാജ്യത്തുടനീളമുള്ള രോഗികൾക്ക് പതിവ് പ്രവർത്തനങ്ങളും ചികിത്സകളും നൽകുന്നതിന് എൻ. എച്ച്. എസിനെ പിന്തുണയ്ക്കാൻ സർക്കാരിനാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ജാവിദ് രോഗികൾക്ക് ഉറപ്പ് നൽകി.

കോവിഡ് വെയിറ്റിംഗ് ലിസ്റ്റ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നതിനുള്ള 1 ബില്യൺ പൗണ്ടും ഈ പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടും. രോഗികളേയും ജീവനക്കാരേയും മഹാമാരിയിൽ നിന്നും സുരക്ഷിതമാക്കാനായി മെച്ചപ്പെട്ട വൈറസ് നിയന്ത്രണ നടപടികൾക്കായി 2.8 ബില്യൺ പൗണ്ടാണ് നീക്കി വച്ചിരിക്കുന്നത്. കൂടാതെ ആശുപത്രി ഡിസ്ചാർജ് പ്രോഗ്രാം എന്ന പേരിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കാൻ 478 മില്യൺ പൗണ്ടും വകയിരുത്തി.

കോവിഡ് പോരാട്ടത്തിൽ എൻ. എച്ച്. എസ് ജനങ്ങൾക്കൊപ്പം നിന്ന കാര്യം ഓർമ്മിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് വലിയ വെയിറ്റിംഗ് ലിസ്റ്റുകൾ സൃഷ്ടിച്ചതായും കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ ഫണ്ടിംഗിനായുള്ള ദീർഘകാല പദ്ധതികൾ ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.