ആകാശവാണിയിലെ വാർത്താ അവതാരകനും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപൻ അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രിയ ശബ്ദമായിരുന്നു ഗോപന്റേത്. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്തു. ഇക്കാലത്ത് റേഡിയോയിലൂടെ ‘വാർത്തകൾ വായിക്കുന്നത് ഗോപൻ’ എന്ന ശബ്ദം മലയാളിയുടെ ഗൃഹാതുരതയുടെ തന്നെ ഭാഗമാണ്.
തിരഞ്ഞെടുപ്പ് വാർത്തകളുടെ കാലഘട്ടത്തില്‍ റേഡിയോയ്ക്ക് മുന്നിൽ മലയാളിയെ പിടിച്ചിരുത്തിയ ഗോപൻ വിടവാങ്ങിയതും മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് തന്നെയായി എന്നത് കാലം കാത്തുവച്ച വിധികളില്‍ ഒന്നായി.

39 വർഷം ആകാശവാണിയുടെ ഒരേ നിലയത്തിൽ തന്നെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്ന അപൂർവ നേട്ടത്തിനും അദ്ദേഹം അർഹനാണ്. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയത് ഗോപനായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ശ്വാസ കോശം സ്പോഞ്ച് പോലെയാണ്..’ എന്ന വളരെ ശ്രദ്ധേ നേടിയ പരസ്യത്തിന്റെ ആകർഷണം തന്നെ ഗോപന്റെ ശബ്ദമായിരുന്നു. ഇത്തരത്തിൽ പുകയിലക്കെതിരെ പത്തോളം പരസ്യത്തിന് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട് ഇത് മിമിക്രി വേദികളിലും ഇൗ പരസ്യവാചകങ്ങൾ നിറഞ്ഞതോടെ അദ്ദേഹം ടെലിവിഷൻ ചാനലുകളിൽ അതിഥിയായി ഒട്ടേറെ പരിപാടികൾക്കും എത്തി.

തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശ്സതമായ കുടുംബത്തിലാണ് ഗോപൻ ജനിച്ചത്. സി.വി രാമൻപിള്ളയുടെ കൊച്ചുമകളുടെ മകനായിരുന്നു. അടൂർ ഭാസിയും ഇ.വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കളായിരുന്നു. അധ്യാപകനാകണം എന്ന മോഹവുമായി ഡൽഹിക്ക് വണ്ടി കയറിയ ഗോപനെ വിധി എത്തിച്ചത് മറ്റൊരിടത്തായിരുന്നു. വിദ്യാർഥികളോട് സംസാരിക്കാൻ കൊതിച്ച ആ ശബ്ദം പിന്നീട് പതിറ്റാണ്ടുകൾ മലയാളിയോട് ഒട്ടേറെ കാര്യങ്ങൾ പങ്കുവട്ടു. ഡൽഹി ആകാശവാണിയിൽ കാഷ്വൽ അനൗൺസർ എന്ന തസ്തികയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അരപതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു ഗോപൻ താമസിച്ചിരുന്നത്. ആകാശവാണിയിൽ നിന്ന് വിരമിച്ചെങ്കിലും പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയും വിശ്രമജീവിതത്തിലും സജീവമായിരുന്നു അദ്ദേഹം.