കൊച്ചി: കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം നിലവിലെ എട്ട് ലക്ഷത്തിൽനിന്ന് 50 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിദേശ സഞ്ചാരികൾ സംസ്ഥാനത്ത് കുറഞ്ഞത് ഏഴ് ദിവസം താമസിക്കുന്ന തരത്തിലുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകും. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം നിലവിലെ 2.5 കോടിയിൽനിന്ന് 10 കോടിയാക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കേരള ട്രാവൽ മാർട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
600 കിലോമീറ്റർ നീളമുള്ള കേരളത്തിന്റെ തീരപ്രദേശം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കേരളത്തെ മുഴുവൻ തുറമുഖ നഗരമായി വികസിപ്പിക്കുകയും ചരക്കുനീക്കത്തിന്റെ 50 ശതമാനമെങ്കിലും റോഡിൽനിന്ന് ജലമാർഗത്തിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം. വിഴിഞ്ഞത്തും കോഴിക്കോടും ക്രൂസ് ടെർമിനലുകൾ സ്ഥാപിക്കുന്നതിനും സംസ്ഥാനത്തുടനീളം നദീ ക്രൂസ് സർവീസുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കാനും കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ഒരുക്കാനും പദ്ധതിയുണ്ട്.
ആയുർവേദം, വെൽനെസ് ടൂറിസം, മൺസൂൺ ടൂറിസം, ഫാം സ്റ്റേ, ഡെസ്റ്റിനേഷൻ വെഡ്ഡിങ് തുടങ്ങിയവയ്ക്ക് കൂടുതൽ പ്രചാരണം നൽകുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഓണം അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ബീ എ മലയാളി ഫോർ എ ഡേ’ എന്ന ആശയത്തിലൂടെ വിദേശ സഞ്ചാരികളെ ആകർഷിക്കാനും പദ്ധതിയുണ്ട്. സെപ്റ്റംബർ 25 മുതൽ 27 വരെ കൊച്ചിയിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്.











Leave a Reply