ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ മാധ്യമപ്രവർത്തകനെ നിരീക്ഷിച്ചെന്നാരോപിച്ച് ഗ്രീക്ക് പൗരനെ അറസ്റ്റ് ചെയ്തു. ജോർജിയയിൽ ജനിച്ച് ജർമനിയിൽ താമസിക്കുന്ന ഇയോനിസ് ഐഡിനിഡിസ് (46) എന്നയാളാണ് ലണ്ടനിലെ കോടതിയിൽ ഹാജരാക്കപ്പെട്ടത്. ഇറാന്റെ താൽപര്യങ്ങൾക്കായി വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പേർഷ്യൻ ഭാഷാ വാർത്താ ചാനലായ ഇറാൻ ഇന്റർനാഷണലിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനെ ലക്ഷ്യമിട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് തവണ ഇയാൾ ബ്രിട്ടനിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . രണ്ടാം സന്ദർശനത്തിനിടെ രഹസ്യ ക്യാമറ ഒരു മരത്തിൽ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെന്നാണ് ആരോപണം. മാധ്യമപ്രവർത്തകന്റെ താമസസ്ഥലവും വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും ഇയാൾ ചിത്രീകരിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം വിദേശത്തുള്ള വ്യക്തികളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാനിയൻ സർക്കാരിന്റെ വിമർശകരായി അറിയപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ ജീവനക്കാർ നേരത്തെയും ഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുറ്റം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാത്ത ഐഡിനിഡിസിനെ ജൂൺ 19 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.