ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻ എച്ച് എസ് ഇംഗ്ലണ്ട് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും റിക്രൂട്ട്മെന്റിന് കൂടുതൽ ആശ്രയിക്കുന്നത് യുകെയുടെയും യൂറോപ്യൻ യൂണിയന്റെയും പുറത്തുനിന്നുള്ളവരെയാണ് എന്ന് കണ്ടെത്തൽ. കഴിഞ്ഞ വർഷം റിക്രൂട്ട് ചെയ്യപ്പെട്ട ഡോക്ടർമാരിൽ 34 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. ഇത് 2014-നെ അപേക്ഷിച്ച് 18% വർധിച്ചിട്ടുണ്ട്. വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെൻറ് എപ്പോഴും തങ്ങളുടെ പദ്ധതികളുടെ ഭാഗമാണെന്ന് സർക്കാർ പ്രതികരിച്ചു. അതേസമയം ഇത്തരത്തിലുള്ള റിക്രൂട്ട്മെൻറ് ദീർഘകാലത്തേക്കുള്ള പരിഹാര മാർഗ്ഗമല്ല എന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. 39,558 ഡോക്ടർമാരും നേഴ്സുമാരും ആണ് 2020-21 കാലയളവിൽ എൻ എച്ച് എസിൽ പുതിയതായി വന്നത്. എന്നാൽ യുകെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരികയാണ്.

അന്താരാഷ്ട്ര റിക്രൂട്ട്മെന്റുകളോടുള്ള അമിതമായ ആശ്രയം കുറയ്ക്കാനുള്ള മാർഗങ്ങൾ മന്ത്രിമാർ ചെയ്യണമെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് നേഴ്സിങ് ഡയറക്ടറായ പട്രീഷ്യ മാർക്വിസ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയുടെ കീഴിലുള്ള സർക്കാർ ആരോഗ്യ മേഖലയിലേക്ക് വിദേശികളെ കൂടുതൽ റിക്രൂട്ട് ചെയ്യുന്നത് തടയുകയാണെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാർക്കും നേഴ്‌സുമാർക്കും അവസരങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും ഗവൺമെൻറ് ഇംഗ്ലണ്ടിലെ 1500 അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലും കഴിഞ്ഞ ആഴ്ച എംപിമാർ റിപ്പോർട്ട് ചെയ്‌ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എൻ എച്ച് എസിൽ ഇതുവരെയും നികത്തപ്പെടാത്ത ജോലി ഒഴിവുകളുടെ എണ്ണം 1,10,000 ആണ്. ഇത് രോഗികളുടെ ചികിത്സയ്ക്ക് ഗുരുതരമായ വെല്ലുവിളി ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥിരമായ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി എൻ എച്ച് എസിനു പൂർണമായി ധനസഹായങ്ങൾ നൽകുന്ന ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് എൻ എച്ച് എസ് എംപ്ലോയേഴ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡാനി മോർട്ടിമർ പറഞ്ഞു.