ന്യൂഡല്‍ഹി: സെന്‍ട്രല്‍ എക്സൈസ് നികുതി വെട്ടിക്കാന്‍ കൂട്ടുനിന്നതിന് ഒരു ജി.എസ്.ടി കമ്മീഷണറെയും സഹപ്രവര്‍ത്തകരെയും സി.ബി.ഐ അറസ്റ്റു ചെയ്തു. പ്രതിഫലമായി പല തവണയായാണിവര്‍ കൈക്കൂലി വാങ്ങിയതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ജി.എസ്.ടി കമ്മീഷണര്‍ സന്‍സാര്‍ ചന്ദിന് പ്രതിഫലമായി ഒരു മൊബൈല്‍ ഫോണും ടി.വിയുംഫ്രിഡ്ജുമാണ് ലഭിച്ചത്.

1.5 ലക്ഷം രൂപ ഇയാളുടെ സഹായിയില്‍ നിന്നും കണ്ടെടുത്തു. ജി.എസ്.ടി കമ്മീഷണര്‍ക്ക് പുറമെ അജയ് ശ്രാവാസ്തവ, അമന്‍ഷ, രാജീവ് സി ചന്ദാല്‍, സൗരഭ് പാണ്ഡെ എന്നീ സഹപ്രവര്‍ത്തകരെയും ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചിലരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരുടെ ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നുമായി 58 ലക്ഷം രൂപ കണ്ടെടുത്തതായും സി.ബി.ഐ വ്യക്തമാക്കി. ഇവര്‍ കുറച്ചു കാലമായി സ്വകാര്യ കമ്പനികള്‍ക്കായി നികുതി വെട്ടക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു.