പാക്ക് സൈന്യത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തക ഗുലാലെ ഇസ്മയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടർന്നു യുഎസിൽ രാഷ്ട്രീയഭയം തേടിയ മനുഷ്യാവകാശ പ്രവർത്തകയാണിവർ. വെള്ളിയാഴ്ച യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം നടക്കുമ്പോൾ യുഎൻ ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭവുമായെത്തിയ ന്യൂനക്ഷങ്ങളായ പഷ്തൂണ്‍, ബലൂച്ചീസ്, സിന്ധീസ് തുടങ്ങിയവരോടൊപ്പം ഗുലാലെയും ചേർന്നു.
പാക്കിസ്ഥാൻ പട്ടാളവും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ ആവശ്യം. അനധികൃതമായി തടങ്കലിൽ ഇട്ടിരിക്കുന്നവരെ മോചിപ്പിക്കണം. ഖൈബർ പഖ്തുൻക്വ പ്രവിശ്യയിലെ പട്ടാളത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം. തന്റെ മാതാപിതാക്കളെക്കുറിച്ചും യുഎസിലേക്ക് കടക്കാൻ തന്നെ സഹായിച്ചവരെ കുറിച്ചും ഇപ്പോഴും ആശങ്കയുണ്ടെന്നും ഗുലാലെ പറഞ്ഞു.
പാക്കിസ്ഥാൻ അവരുടെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു തന്നെ നിശബ്ദമാക്കാൻ ശ്രമിച്ചു. എനിക്കെതിരെ നിൽക്കാൻ കുടുംബത്തിനുമേൽ സമ്മർദംചെലുത്തി.
തന്റെ മാതാപിതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കുടുംബത്തിലെ മുഴുവൻ ആളുകളും തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി. യുഎസ് തന്നെ രാജ്യത്തു നിന്നു പുറത്താക്കുമെന്നാണ് പാക്കിസ്ഥാന്റെ വിചാരം. എന്നാൽ എന്തുവിലകൊടുത്തും ഇവിടെ പിടിച്ചുനിൽക്കും– കഴിഞ്ഞ ദിവസം ഒരു അഫ്ഗാൻ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ ഗുലാലെ പറഞ്ഞു.
രാഷ്ട്രീയാഭയം തേടി യുഎസ് സർക്കാരിന് അപേക്ഷ നൽകിയിട്ടുള്ള ഗുലാലെ ഇസ്‌മയിൽ ബ്രൂക്‌ലിനിൽ സഹോദരിക്കൊപ്പമാണ് ഇപ്പോൾ താമസം. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ അറസ്റ്റ് ഭയന്നു മേയിൽ ഒളിവിൽ പോയ ഗുലാലെ കഴിഞ്ഞ മാസമാണ് യുഎസിലെത്തിയത്. പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചതോടെയാണ് ഗുലാലെയ്ക്കെതിരെ പാക്ക് ഭരണകൂടം തിരിഞ്ഞത്.
Leave a Reply