മൂന്ന് മാസത്തിനകം വിരമിക്കുന്ന 72 എം.പിമാര്‍ക്ക് രാജ്യസഭ കൂട്ട യാത്രയയപ്പ് നല്‍കി. അനുഭവമാണ് അറിവിനേക്കാള്‍ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും രാജ്യസഭയിലെ യാത്രയയപ്പ് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആന്റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു

എ കെ ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപിയും ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും.

കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ.കെ.ആന്റണി തിരുവന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് ആന്റണി മനസ് തുറന്നിട്ടില്ല.

ബി.ജെ.പി -30, കോണ്‍ഗ്രസ് -13, ബിജു ജനതാദള്‍, ഡി.എം.കെ, എ.ഐ.ഡി.എം.കെ, അകാലിദള്‍ എന്നിവയില്‍ നിന്ന് മൂന്ന് വീതം, സി.പി.എം, ടി.ആര്‍.എസ്, ബി.എസ്.പി, എസ്.പി എന്നിവയില്‍ നിന്ന് രണ്ട് വീതം, എല്‍.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന, എന്നിവയില്‍ നിന്ന് ഒന്ന് വീതം എന്നിങ്ങനെയാണ് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പെ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്.