ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.

ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.

ഒക്‌ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ വെസ്ലി.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസില്‍ ബുധനാഴ്ച ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസില്‍ ഹാജരാക്കിയപ്പോഴാണ് ഡോക്ടര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെസ്ലിക്ക് ഒന്നുകില്‍ സ്വന്തം മകളുടെ മേലുള്ള അവകാശം വിട്ടുകൊടുക്കേണ്ടവരും. അല്ലെങ്കില്‍ രാജ്യം തന്നെ അത് എടുത്തുമാറ്റും.