ന്യൂഡല്‍ഹിഃ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് സൈന്യം. അദ്ദേഹമിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 24 മണിക്കൂറിനു ശേഷമേ ആരോഗ്യനിലയെ പറ്റി കൃത്യമായി പറയാന്‍ സാധിക്കൂവെന്നാണ് സൈനിക ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ഗ്ലേസിയര്‍ സെക്ടറിലെ ബേസ് ക്യാംപില്‍ നിന്നും ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയിലേക്ക് പ്രത്യേക വ്യോമ ആംബുലന്‍സിലാണ് ഹനുമന്തപ്പയെ എത്തിച്ചത്. അപകടമുണ്ടായി ആറു ദിവസത്തിന് ശേഷമാണ് ഹനുമന്തപ്പയെ കണ്ടെത്താന്‍ സാധിച്ചത്

ഹനുമന്തപ്പയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗും എത്തിയിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുമായാണ് അദ്ദേഹത്തെ കാണാന്‍ പോകുന്നതെന്ന് ട്വിറ്ററില്‍ കുറിച്ച ശേഷമാണ് മോദിയെത്തിയത്.

wife hanumanthappa

നിറകണ്ണുകളോടെയാണ് ഹനുമന്തപ്പയുടെ കര്‍ണാടകയിലെ ധാര്‍വാഗിലുള്ള കുടുംബം വാര്‍ത്ത കേട്ടത്. വളരെ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ കാണാന്‍ പോകണമെന്നും ഭാര്യ പറഞ്ഞു. അദ്ദേഹത്തിന് ഭഗവാന്‍ ഹനുമാന്റെ പേരാണെന്നും മരണത്തെ ജയിക്കുമെന്നും ഹനുമന്തപ്പയുടെ പിതാവ് പ്രതികരിച്ചു. കുടുംബം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്

അതിനിടെ, സൈന്യം നടത്തുന്ന തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. സൈനിക പോസ്റ്റ് ടണ്‍കണക്കിനു വരുന്ന മഞ്ഞിനടിയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

ലഡാക്ക് മേഖലയിലെ നോര്‍ത്തേണ്‍ ഗ്ലേസിയര്‍ സെക്ടറില്‍ 19,600 അടി ഉയരത്തിലെ സൈനിക പോസ്റ്റാണ് മഞ്ഞിടിച്ചിലില്‍ പെട്ടത്. രാത്രി മൈനസ് 42 ഡിഗ്രി സെല്‍ഷ്യസും പകല്‍ മൈനസ് 25 ഡിഗ്രിയും വരെ താപനിലയുള്ള ഇവിടെ കാലാവസ്ഥ വളരെ പ്രതികൂലവുമാണ്. കരസേനയിലെയും വ്യോമസേനയിലെയും പ്രത്യേക പരിശീലനം ലഭിച്ചവരടക്കം വന്‍സംഘമാണ് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്.

കൊല്ലം മണ്‍റോത്തുരുത്തില്‍ നിന്നുള്ള ലാന്‍സ് നായിക് ബി. സുധീഷാണ് അപകടത്തില്‍ മരിച്ച മലയാളി. മരിച്ച മറ്റു സൈനികര്‍ ഇവരാണ് സുബേദാര്‍ നാഗേശ, സിപോയ് മഹേഷ് (കര്‍ണാടക), ഹവില്‍ദാര്‍ ഏലുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി, ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍ (തമിഴ്‌നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര).