സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.

എളംകുളത്തെ വീടിനു മുന്നിലാണ് മമ്മൂട്ടി ദേശീയപതാക ഉയർത്തിയത്. മോഹൻലാലിന്റെ പതാക ഉയർത്തൽ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു. നിർമാതാക്കളായ ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും ചിത്രങ്ങളിൽ കാണാം.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ‘ആസാദ് കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇന്ത്യൻ ദേശീയ പതാകയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രൊഫൈൽ ചിത്രം മാറ്റി ദേശീയ പതാകയാക്കിയിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വർഷമാഘോഷിക്കുന്ന വേളയിൽ മുൻ വർഷങ്ങളേക്കാൾ വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക എന്നതാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ ലക്ഷ്യം. ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമടക്കം നിരവധിയേറെ പേരാണ് വീടുകളിൽ ദേശീയ പതാക ഉയർത്തിയത്.

ഹർ ഘർ തിരംഗ: സെൽഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്.  https://harghartiranga.com/  എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്‌ലോഡ് ചെയ്യാം.