ഷിബു മാത്യൂ.
ആശാനും ഉളളൂരും വള്ളത്തോളും പിന്നീട് വന്ന ഒ. എന്‍. വിയുമൊക്കെ മലയാളത്തിന് സമ്മാനിച്ച കവിതകളില്‍ നിന്ന് വ്യത്യസ്തമായി ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി യുകെ മലയാളിയായ ഹരിഗോവിന്ദ് ഒരു കവിത രചിച്ചിരിക്കുകയാണ്. വ്യത്യസ്തം എന്നു പറയുമ്പോള്‍ കവിതയിലെ വ്യാകരണങ്ങള്‍ക്കോ കവിഭാവനകള്‍ക്കോ മാറ്റങ്ങള്‍ സംഭവച്ചിട്ടില്ല. ആനുകാലിക വിഷയങ്ങള്‍ കവിതയാക്കി എന്നു മാത്രം. വൈലോപ്പള്ളി ശ്രീധരമേനോന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിത മലയാളിയെ ഒരു പാട് ചിന്തിപ്പിച്ചതും കരയിപ്പിച്ചതുമാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അത് ഉറങ്ങിക്കിടക്കുകയാണ് എന്നുള്ള ഒരു കുട്ടിയുടെ ആത്മഗതം. ആനുകാലിക പ്രസക്തിയുള്ള കവിതയായിരുന്നു അത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിത പാരായണത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ചൊല്ലുന്ന കവിതയും അതു തന്നെ.

ഹരിഗോവിന്ദ് രചിച്ച ഈ കവിത അതില്‍ നിന്ന് ഒട്ടും ദൂരത്തിലല്ല. ആനുകാലിക വിഷയങ്ങള്‍. നമുക്ക് പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോഴുള്ള വേദനയാണ് ഈ കവിതയുടെ ഇതിവൃത്തം. ഹരി ഗോവിന്ദ് അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നവരും അത് ആസ്വദിക്കുന്നവരും കുറയുന്ന ഈ കാലത്ത് ഹരി ഗോവിന്ദ് ആനുകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി രചിച്ച കവിതയയ്ക്ക് പ്രശക്തിയുണ്ട്.
ഓഡിയോ രൂപത്തിലാക്കിയ കവിത കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ആശയടക്കം
രചന : ഹരിഗോവിന്ദ് താമരശ്ശേരി

1.
പ്രായമാകാന്‍ പോകുന്നു
പക്വത പേറേണ്ടിയിരിക്കുന്നു
നീയിനി,
ചിരിക്കുമ്പോള്‍ ചിന്തിക്കണം
കാര്യങ്ങള്‍ കണ്ടറിയണം
നടക്കുമ്പോള്‍ നാണിക്കണം
കേള്‍ക്കുമ്പോള്‍ കരുതണം
പറയുമ്പോള്‍ പേടിക്കണം
പലതും,
കാണുമ്പോള്‍ കണ്ണടക്കണം

പഠിച്ചില്ലെങ്കിലും പറയിപ്പിക്കരുത്
കുടുംബപ്പേര് കുട്ടിച്ചോറാക്കരുത്
സംസ്‌കാരം മറന്ന് സന്തോഷിക്കരുത്
അയല്‍പക്കം കേള്‍ക്കെ ആലോചിക്കരുത്
മറ്റൊരുവീട്ടില്‍ മരുമോളാകേണ്ടവളാണ്
മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കേണ്ടവളാണ്

കാര്യങ്ങളൊക്കെ കാരണവന്മാര് കണക്കാക്കിയിട്ടുണ്ട് !
കരയിലാരും കാണാത്ത കല്യാണമാവണം!
കാണുന്നവരെയൊക്കെ ക്ഷണിക്കണം!
ഇതുവരെ കാത്തുവെച്ചതെല്ലാം ഇതിനാണ്‍
എനിക്കുള്ളതെല്ലാം നിനക്കാണ് !

നാളെനീ നന്നായിട്ടൊരുങ്ങണം!
നാലാളറിയണം
നൂറ്റൊന്ന് പവന്‍ വേണം!
ചിലര്‍ക്കെങ്കിലും വേണ്ടി
ചിന്തിക്കാതെ ചിരിക്കണം
പുതിയബന്ധുക്കളോട്
കുശലം പതറാതെ പറയണം
കാണികള്‍ കണ്ടുനില്‍ക്കേ
കണ്ണ്‌നനയാതെ കരയണം
അപ്പോഴും അച്ഛന്റെ
അഭിമാനം കാക്കണം!

2.
വന്നിട്ട് വര്‍ഷമൊന്നായില്ലേ ?
അടുക്കള അടുക്കിക്കൂടെ?
അമ്മയെ അനുസരിച്ചൂടെ?
തറ തുടച്ചൂടെ?
തുണിയെല്ലാം തിരുമ്മിക്കൂടെ?

നീ പ്രായമായവളല്ലേ?
പക്വത പണ്ടേവേണ്ടേ?
പെരുമാറേണ്ടവിധമൊന്നും
പണ്ടാരും പറഞ്ഞിട്ടില്ലേ?

കൊഞ്ചിച്ച് നടന്നതല്ലേ
ഇങ്ങനെ,
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ!

വല്യ ബന്ധങ്ങള്‍ വന്നു പോയതല്ലേ
വയ്യാവേലി വലിച്ചു കേറ്റീതല്ലേ
എല്ലാരുംപറഞ്ഞത് എതിര്‍ത്തിട്ടല്ലേ
പറഞ്ഞിട്ടെന്ത് പറ്റിപ്പോയില്ലേ
മുടിഞ്ഞവള്‍ വീടുമുടിച്ചില്ലേ
പണ്ടാരമിനീം പോയിത്തുലഞ്ഞില്ലേ

മിഴിച്ച് നോക്കാതൊന്ന് മിണ്ടിക്കൂടെ?
മെനക്കെടുത്താതൊന്ന് മരിച്ചൂടെ?
നാവില്ലേടീ.. നായിന്റെമോളെ
നാളെനീ നേരം വെളുപ്പിക്കില്ലാ

3.
ആദ്യവുമവസാനവുമായി
അനുസരണക്കേട് കാട്ടി..

പറയാനെന്നും പേടിച്ച്..
കാണുമ്പോള്‍ കണ്ണടച്ചടച്ച്..
കണ്ണുനനയാതെ കരഞ്ഞുകരഞ്ഞ്..
അവസാനം ആശയടക്കിയടക്കി..
തൂക്കം കുറഞ്ഞ താലിമാലയറുത്തു മാറ്റി
കനത്തൊരു കയര്‍മാല കഴുത്തിലേറ്റി!