മകൾ ഐറയുടെ പേരിൽ നിന്നും ഷമി നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാൻ. ഐറയുടെ പേരിന്റെ അവസാനം ഷമി എന്നുള്ളതു മാറ്റി പകരം, ‘ഐറ ജഹാൻ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഹസിൻ ജഹാൻ പങ്കുവച്ചത്.ഇരുവരും വിവാഹമോചനം നേടിയെങ്കിലും ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്താറുണ്ട്.

പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്.ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട് ഹസിൻ ജഹാന്റെ ആദ്യഭർത്താവ്.

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.

ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.