ക്രിക്കറ്റ് താരം പൃഥ്വി ഷാ തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നാരോപിച്ച് സെൽഫി വിവാദത്തിൽ അറസ്റ്റിലായ ഭോജ്‌പുരി നടി സപ്‌ന ഗിൽ. പൃഥ്വി ഷായും സംഘവും തന്നോടാണ് അപമര്യാദയായി പെരുമാറിയതെന്നും പിന്നീട് മാപ്പ് പറയുകയും ചെയ്തെന്നും യുവതി പറയുന്നു. മദ്യലഹരിയിലായിരുന്ന പൃഥ്വി ഷാ തന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചെന്നും യുവതി ആരോപിക്കുന്നു.

താൻ സെൽഫിയും പണവും ആവശ്യപ്പെട്ടെന്നാരോപിച്ചാണ് താരം യുവതിക്കും സംഘത്തിനുമെതിരെ പരാതി നൽകിയത്. എന്നാൽ താരത്തിന്റെ ആരോപണം തെറ്റാണെന്ന് യുവതി പറയുന്നു. വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ പൃഥ്വി ഷായും സംഘവും തന്നെയും സുഹൃത്തിനെയും മർദ്ദിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്‌ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു. സംഭവത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.