ചെന്നൈ: സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകളും സംഗീത സംവിധായികയുമായിരുന്ന ഷാന്‍ ജോണ്‍സണിന്റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അസ്വാഭാവിക മരണമെന്ന് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പിന്നീട് ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.

കോടമ്പാക്കത്തിനടുത്തുള്ള ചക്രപാണി സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ രണ്ടാംനിലയിലെ മുറിയില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടത്. തലേന്ന് ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗിനു ശേഷം ഉറങ്ങാന്‍ താമസസ്ഥലത്തേക്കു പോയതാണ്. വെള്ളിയാഴ്ച ബാക്കി റെക്കോഡിംഗ് ഉണ്ടായിരുന്നു. ഇതിന് എത്താതിരുന്നതിനേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ ഷാനിനെ കണ്ടെത്തിയത്. രാത്രി ശാരീരികാസ്വാസ്ഥ്യമുണ്ടായി മരിച്ചതാകാമെന്നായിരുന്നു വിലയിരുത്തല്‍.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയിലാണ് ശവസംസ്‌കാരം. 2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മകന്‍ റെന്‍ ജോണ്‍സന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.അമ്മ റാണി ജോണ്‍സന്‍. നിരവധി ചിത്രങ്ങളില്‍ ഷാന്‍ ജോണ്‍സന്‍ പാടിയിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ,തിര,മിലി എന്നീ ചിത്രങ്ങളില്‍ ഷാന്‍ പാടിയിട്ടുണ്ട്. ഇതിനിടെ ചില പാട്ടുകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന വേട്ട എന്ന ചിത്രത്തിലെ ചില ഗാനങ്ങള്‍ക്ക് ഷാന്‍ വരികള്‍ എഴുതിയിട്ടുണ്ട്.