അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ അജ്ഞാത ലോഹസ്തംഭം അപ്രത്യക്ഷമായ വാർത്ത വലിയ കൗതുകമാണ് സമ്മാനിച്ചത്. എന്നാൽ അതിന് പിന്നാലെ സമാനരൂപത്തിലുള്ള ലോഹസ്തംഭം റൊമാനിയയിൽ കണ്ടെത്തി. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇതിനെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത് അപ്രത്യക്ഷമായെന്ന റിപ്പോർട്ടുകൾ വന്നു. ഇതിന് പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ‘നിഗൂഢ ലോഹസ്തംഭം’ വലിയ ചർച്ചയാവുകയാണ്.
വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. വന്നതുപോലെ തന്നെ അപ്രത്യക്ഷമായി ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ‘നിഗൂഢ’ ലോഹസ്തംഭം.

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സാഹസിക സഞ്ചാരികൾ ഗൂഗിൾ മാപ്പുപയോഗിച്ച് സ്ഥലം കണ്ടെത്തി ഇവിടം സന്ദർശിക്കുകയും ലോഹസ്തംഭത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി നിരവധി സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. അജ്ഞാതർ വെള്ളിയാഴ്ച രാത്രി തന്നെ ലോഹസ്തംഭം ഇവിടെ നിന്നു നീക്കം ചെയ്തതായി യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നാണ് നിഗമനം