ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടന്‍: യൂറോപിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ എയർപോർട്ട് വിപുലീകരണ പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മൂന്നാമത്തെ റണ്‍വേയും പുതിയ ടെര്‍മിനലും നിര്‍മിക്കുന്നതില്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്‍കണമെന്ന് ബ്രിട്ടീഷ് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ സിവിൽ ഏവിയേഷൻ അതോറിറ്റി നിര്‍ദേശിച്ചതോടെയാണ് ഇത് സാധ്യമായത് . മത്സരാടിസ്ഥാനത്തില്‍ നിര്‍മ്മാണ ചുമതല നല്‍കിയാല്‍ ചെലവ് കുറയ്ക്കാനും പദ്ധതിയുടെ കാര്യക്ഷമത ഉയര്‍ത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോള്‍ ഹീത്രോ വികസനത്തിന്റെ മുഴുവന്‍ നിയന്ത്രണവും വിമാനത്താവള അധികൃതര്‍ക്കാണ്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം മറ്റ് കമ്പനികള്‍ക്കും ടെര്‍മിനല്‍ രൂപകല്‍പന, നിര്‍മ്മാണം, നടത്തിപ്പ് എന്നിവയില്‍ പങ്കാളികളാകാം. അമേരിക്കയിലെ ജോൺ എഫ്. കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ട് മാതൃകയില്‍ വ്യത്യസ്ത കമ്പനികള്‍ ടെര്‍മിനലുകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്. ഇതോടെ വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും അധിക ചെലവ് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഈ നീക്കം വികസന പദ്ധതിയെ വൈകിപ്പിക്കുമെന്നും നിക്ഷേപത്തെ ബാധിക്കാമെന്നും ഹീത്രോ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവള വികസന ചെലവ് £30 ബില്യണില്‍ ഒതുക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായി സുരീന്ദർ അറോറ നേതൃത്വം നല്‍കുന്ന അറോറ ഗ്രൂപ്പ് കുറഞ്ഞ ചെലവിലുള്ള ബദല്‍ പദ്ധതി മുന്നോട്ടുവെച്ചിരിക്കുകയാണ്. 2035ഓടെ മൂന്നാം റണ്‍വേ പ്രവര്‍ത്തന സജ്ജമാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ലക്ഷ്യം.