കിഴക്കൻവെള്ളത്തിെൻറ വരവിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ആശങ്ക. പ്രധാനപാതയായ എ.സി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നേരിയതോതിൽ തടസ്സപ്പെട്ടു. മങ്കൊമ്പ്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. പമ്പ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ആറുകളും തോടുകളും കരകവിഞ്ഞ് കൈനകരി, മങ്കൊമ്പ്, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, തണ്ണീർമുക്കം, നെടുമുടി, എടത്വ, തകഴി, തലവടി, മുട്ടാർ അടക്കമുള്ള താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. മഴ തുടർന്നാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ക്രമീകരണം ഏർപെടുത്തി. അടിയന്തരസാഹചര്യം നേരിടാൻ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമുകളും തുറന്നു.
കനത്തകാറ്റിൽ മരംവീണ് ജില്ലയിൽ എട്ടുവീടുകൾക്ക് നാശമുണ്ടായി. ഇതിൽ രണ്ടെണ്ണം പൂർണമായും തകർന്നു. മരംവീണ് ചെങ്ങന്നൂർ തിട്ടമേൽ ശിവൻ, മാന്നാർ സ്വദേശി ചെല്ലപ്പൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
മങ്കൊമ്പിൽനിന്ന് ആറ്റുതീരത്തേക്ക് പോകുന്നവഴിയിൽ ഒന്നരകിലോമീറ്റർ ദൂരത്തിൽ രണ്ടടിയോളം വെള്ളമുയർന്നു. അവശ്യസാധനങ്ങളടക്കം വാങ്ങാൻ പുറത്തിറങ്ങുന്നവർ നീന്തിയാണ് പ്രധാനപാതയിലെ കടകളിൽ എത്തുന്നത്. മെങ്കാമ്പിൽ വികാസ്മാർഗ് റോഡിൽ 60ൽചിറ കോളനിയിൽ 64 കുടുംബങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയാണ്. കടൽക്ഷോഭത്തിലും കനത്തകാറ്റിലും തീരദേശങ്ങളിലും ദുരിതമാണ്. തോട്ടപ്പള്ളി, അർത്തുങ്കൽ അടക്കമുള്ള മേഖലകളിൽനിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയിട്ടില്ല.
മടവീഴ്ചയിൽ കൊയ്ത്തിന് പാകമായതും രണ്ടാംകൃഷിക്ക് തയാറെടുത്ത പാടശേഖരങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം, പുല്ലങ്ങടി പടിഞ്ഞാറ്, കരുവാറ്റ കൃഷിഭവനിലെ വെള്ളൂക്കേരി പാടശേഖരം, എടത്വ കൃഷിഭവനിലെ വെട്ടിത്തോട്ടിക്കരി, വെളിയനാട് കൃഷിഭവനിലെ തൈപ്പറമ്പ് വടക്ക്, തൈപ്പറമ്പ് തെക്ക്, പുഞ്ചപിടാരം, കുടുകച്ചാൽ നാൽപത്, രാമങ്കരി കൃഷിഭവനിലെ കഞ്ഞിക്കൽ പാടം എന്നിവിടങ്ങളിലാണ് മടവീണത്. എല്ലായിടത്തും പുഞ്ചകൃഷി ഒരുക്കം പൂർത്തിയായിരുന്നു. പല പാടശേഖരങ്ങളിലും അടുത്തദിവസങ്ങളിൽ കൊയ്യാനിരുന്ന നെല്ലും നശിച്ചു.
Leave a Reply