കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് ആരോപണവിധേയരായ മൂന്നുപേർക്കും വാദം കേൾക്കാൻ അവസരം നൽകിയില്ലെന്നതാണ് പ്രധാന വിമർശനം. ഹർജിക്കാരനായ കെ.എം. ഷാജഹാന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും വാദങ്ങൾ സിംഗിൾ ബെഞ്ച് കേട്ടിരുന്നു. എന്നാൽ പിണറായി വിജയനും മറ്റുള്ളവർക്കും വാദം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നത് സ്വാഭാവിക നീതിയുടെ ലംഘനമായി ഉന്നയിക്കപ്പെടാമെന്നും ഉത്തരവിനെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ചോദ്യം ചെയ്യാൻ ഇതു വഴിയൊരുക്കുമെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം പൊതുപ്രവർത്തകർ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ ബന്ധപ്പെട്ട അധികാരിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അനാവശ്യ നിയമനടപടികൾ തടയുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ഈ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയത്. ഈ വ്യവസ്ഥ മറികടന്ന് കോടതിക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാനാകുമോ എന്ന ചോദ്യം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കേസിൽ മുൻകൂർ അനുമതി നൽകേണ്ട അധികാരിക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യണോ പ്രാഥമിക അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അവസരം വേണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നിയമപരമായ ഉത്തരവാദിത്തം ഇനി പിണറായി വിജയനും മറ്റ് രണ്ടുപേർക്കുമാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടിവരും. ഈ എഫ്ഐആറും അഴിമതി ആരോപണങ്ങളും അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിച്ചേക്കും. എന്നാൽ പൊതുപ്രവർത്തകയല്ലാത്തതിനാൽ വീണയ്‌ക്കെതിരെ ഈ നിയമപ്രകാരമുള്ള നടപടികൾക്ക് സമാനമായ സാഹചര്യമല്ല ഉള്ളത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തേ വീണയ്‌ക്കെതിരെ ഇഡി നടപടികൾ സ്വീകരിച്ചത്. എസ്.എഫ്.ഐ.ഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധിയെയും തുടർനടപടികൾ ബാധിച്ചേക്കും.











Leave a Reply