കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലത്ത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി പുറത്തുവന്നിരിക്കുന്നു. കുട്ടികളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച്, അവരെ വീട്ടുതടങ്കലിലാക്കി മാതാപിതാക്കൾ. യുകെയിലെ സംഘടനയായ എൻ എസ് പി സി സിയുടെ ചൈൽഡ്ലൈൻ വഴി വിളിച്ച് രണ്ടു കുട്ടികൾ അവരുടെ സങ്കടങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

16 വയസ്സുള്ള പെൺകുട്ടിയും 14 വയസ്സുള്ള ആൺകുട്ടിയും ഒരിക്കലും സ്കൂളിൽ പോയിട്ടില്ലെന്നും അതിഥികൾ വന്നാൽ ഒളിച്ചിരിക്കേണ്ട അവസ്ഥയാണെന്നും അവർ എൻ എസ് പി സി സിയോട് തുറന്ന് പറഞ്ഞു. ഭവനത്തിൽ എന്തൊക്കെയോ ‘നിഗൂഢതകൾ’ ഉണ്ടെന്നും തങ്ങൾ വീട്ടുതടങ്കലിലാണെന്നും ബാലൻ വെളിപ്പെടുത്തി. കുട്ടികളെ സഹായിക്കുവാൻ പല അവസരങ്ങൾ ഉണ്ടായിട്ടും അതിന് ആർക്കും സാധിച്ചില്ല. അമ്മയെയും മക്കളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട സംഭവം 2017ൽ പോലീസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ജനനംമുതൽ ഹൃദയതകരാർ നേരിടുന്ന പെൺകുട്ടിക്ക് ഒരു വിധത്തിലുള്ള ചികിത്സയും ലഭിച്ചിരുന്നില്ല. രണ്ടുവർഷം മുമ്പ് മാത്രമാണ് ഈ കുട്ടിക്ക് വേണ്ട പരിചരണം ലഭിച്ചത്. ഡോക്ടർമാർ ഇത് അധികാരികളെ അറിയിക്കുവാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. 14 വയസ്സുള്ള ബാലനും ഒരിക്കൽപോലും ആരോഗ്യ പരിശോധനയ്ക്ക് വിധേയനായിട്ടില്ല. “ഈ കുട്ടികളെ രക്ഷിക്കാനുള്ള പല അവസരങ്ങളും നഷ്ടമായി. ഇനിയും ഇത് തുടരാതിരിക്കുവാൻ വേണ്ടി നാം ആവശ്യമായ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.” എൻ എസ് പി സി സിയുടെ വക്താവ് ഇപ്രകാരം അഭിപ്രായപ്പെട്ടു.