എച്ച് എം ആർ സി ചൈൽഡ് ബെനഫിറ്റിന് അർഹരായ ആളുകൾക്ക് നൽകുന്ന തുക ഏപ്രിൽ ആറ് മുതൽ വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കിൽ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ, മുഴുവൻ സമയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അല്ലെങ്കിൽ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവർക്ക് ലഭിക്കുന്നതാണ് ചൈൽഡ് ബെനഫിറ്റ്. ഏപ്രിൽ 6 മുതൽ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയിൽ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി ലഭിക്കും. എന്നാൽ ഇത് ലഭിക്കാൻ കുടുംബങ്ങൾ തങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജൂൺ മാസം മുതൽ ഈ പേയ്‌മെന്റുകൾ കൃത്യമായി ലഭിക്കുവാൻ മെയ് 31 ന് അകം തന്നെ എല്ലാവരും തങ്ങളുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ കൃത്യസമയത്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ബെനിഫിറ്റ് ക്ലെയിം വൈകുമെന്നത് മാത്രമാണ് പ്രശ്നമെന്ന് എച്ച് എം ആർ സി വക്താവ് വ്യക്തമാക്കി.

16 മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയോ, 16 വയസ്സിനുശേഷം ആഴ്ചയിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുവാൻ തുടങ്ങുകയോ, വിവാഹം പോലുള്ള മറ്റ് പങ്കാളിത്തങ്ങളിൽ ഉൾപ്പെടുകയോ, ചെയ്താൽ മാതാപിതാക്കൾക്ക് ഈ ക്ലെയിമിനുള്ള അർഹത ഉണ്ടായിരിക്കില്ല. കുട്ടികളുടെ പേര് സംബന്ധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും എച്ച് എം ആർ സിയെ അറിയിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇത് മൂലം ക്ലെയിമിനുള്ള അവകാശവാദങ്ങൾക്ക് യാതൊരു കുറവും സംഭവിക്കില്ല. പൊതുവായി പുതിയ മാറ്റങ്ങൾ എല്ലാം തന്നെ സർക്കാർ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്നതാണ് നിയമം നിഷ്കർഷിക്കുന്നത്. ഇത് ചെയ്യാൻ സാധിക്കാത്തവർക്ക് പലപ്പോഴും ബെനിഫിറ്റ് ക്ലെയിം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് മലയാളികൾക്കും ബാധകം ആകയാൽ, മെയ് 31ന് മുൻപ് തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.