തിരുവനന്തപുരം: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനിടെ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വയനാട്ടിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കുമുള്ള യാത്രകളിൽ ജാഗ്രത പാലിക്കണമെന്നും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. താമരശ്ശേരി ചുരം ഉൾപ്പെടെയുള്ള മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ, കാലാവസ്ഥാ മുന്നറിയിപ്പിൽ വീഴ്ചയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണെന്ന് റവന്യുമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 27 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നതായും അധികൃതർ അറിയിച്ചു.