യുഎസിനെ വിറപ്പിച്ച ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് ലോസ് ആഞ്ചൽസ് കോടതി. ‘ഹോളിവുഡ് റിപ്പർ’ എന്ന പേരിൽ കുപ്രസിദ്ധനായ തോമസ് ഗാർഗിലോക്കാണ് 20 വർഷത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്. നടൻ ആഷ്ടൺ കച്ചറുടെ കാമുകി ഉൾപെടെ രണ്ടു പേരെ വീട്ടിൽ അതിക്രമിച്ചുകയറി വധിക്കുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി.
”ഗാർഗിലോ എവിടെ ചെന്നാലും മരണവും നാശവും പിന്നാലെ സംഭവിച്ചു”വെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ലാറി ഫിഡ്ലർ പറഞ്ഞു. രണ്ടു വർഷം മുമ്പ് വാദംകേൾക്കൽ പൂർത്തിയായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ജഡ്ജിമാർ ശിപാർശ ചെയ്തിരുന്നു. നടപടിക്രമങ്ങളിൽ തട്ടി ശിക്ഷ പ്രഖ്യാപിക്കൽ വൈകുകയായിരുന്നു.
ഫാഷൻ ഡിസൈൻ വിദ്യാർഥിയായ ആഷ്ലി എലറിനെ ഹോളിവുഡിലെ വീട്ടിൽകയറി 47 തവണ കുത്തിയാണ് ഗാർഗിലോ കൊലപ്പെടുത്തിയിരുന്നത്. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ് ആഞ്ചൽസിലെ എൽ മോണ്ടയിലുള്ള വീട്ടിൽ കയറിയാണ് കൊലപ്പെടുത്തിയിരുന്നത്. മിഷേൽ മർഫി എന്ന യുവതിയെയും ആക്രമിെച്ചങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു.
ഇവർ നൽകിയ സൂചനകളിൽനിന്നാണ് രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്. എയർ കണ്ടീഷനിങ്, ഹീറ്റർ റിപ്പയറിങ് േജാലി ചെയ്തിരുന്ന ഗാർഗിലോ ഇരകളുടെ വീടുകൾക്ക് സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാൽ, താനല്ല കൊല നടത്തിയതെന്നാണ് ഗാർഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോർണിയയിൽ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഗാർഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല.
Leave a Reply