കയ്യിലൊരു ഒഴിഞ്ഞ അലൂമിനിയം പാത്രവുമായി നീല കുര്‍ത്തയും നിക്കറും ധരിച്ച് ക്ലാസ്മുറിയിലേക്ക് ഒളിഞ്ഞുനോക്കുകയായിരുന്നു അവള്‍. തന്റെ പ്രായക്കാരായ കുട്ടികള്‍ നീല സ്‌കൂള്‍ യൂണിഫോമിലിരുന്ന് പഠിക്കുന്ന ക്ലാസ് മുറിയെ അവള്‍ ക്ലാസ് തീരുന്നതും കാത്ത് ശല്യപ്പെടുത്താതെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് തെലുങ്ക് പത്രമായ ഈനാടിന്റെ ഫോട്ടോഗ്രാഫര്‍ അവുല ശ്രീനിവാസിന്റെ കണ്ണുകളില്‍ അവള്‍ പതിഞ്ഞത്. നവംബര്‍ ആറാം തിയതി ഡങ്കിപ്പനിയെ കുറിച്ച് ഫോട്ടോഫീച്ചര്‍ ചെയ്യാനായി ഹൈദരാബാദിനടുത്തുള്ള ഗുദിമാല്‍ക്കാപുരിലെ ദേവല്‍ ഝാം സിംഗ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തിയ ശ്രീനിവാസിലെ ഫോട്ടോ ജേണലിസ്റ്റ് ഉണര്‍ന്നതോടെ അവള്‍ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളിലും പതിഞ്ഞു. പിറ്റേന്ന് തന്നെ ഈനാടില്‍ ‘വിശപ്പിന്റെ നോട്ടം’ എന്ന തലക്കെട്ടോടെ ഈനാടില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ചിത്രം മോത്തി ദിവ്യ എന്ന കുഞ്ഞിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലാത്ത മോത്തി ദിവ്യ എല്ലാദിവസവും ഉച്ചയോടെ അവര്‍ താമസിക്കുന്ന പുറമ്പോക്കിലെ വീടിന് 300 മീറ്റര്‍ അകലെ മാത്രമുള്ള സ്‌കൂളില്‍ ഒഴിഞ്ഞ പാത്രവുമായി എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന മുട്ടയുള്‍പ്പെടെയുള്ള പോഷകാഹാരം നിറഞ്ഞ ഉച്ചക്കഞ്ഞി അവിടെ നിന്നും കഴിച്ചാണ് അവള്‍ വിശപ്പടക്കിയിരുന്നത്. തെലുങ്കാനയിലെ പട്ടികവര്‍ഗ്ഗ വിഭാഗമായ ബുദഗ ജംഗം വിഭാഗത്തിലാണ് മോത്തി ദിവ്യയുടെ കുടുംബം ഉള്‍പ്പെടുന്നത്.

ഒരു ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളായതിനാല്‍ ഡെങ്കിപ്പനിയുടെ ആങ്കിളിലുള്ള ചിത്രമായിരുന്നു തന്റെ മനസിലെന്ന് ശ്രീനിവാസ് ന്യൂസ് മിനിറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും പകര്‍ത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് പാര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ദിവ്യ പിന്നിലൂടെ നടന്ന് സ്‌കൂളിലേക്ക് കയറിപ്പോയത്. ഒഴിഞ്ഞ പാത്രവുമായി നടന്നു പോയ അവള്‍ ക്ലാസ് മുറിക്ക് വെളിയില്‍ കാത്തുനിന്നപ്പോഴാണ് എന്റെ ക്യാമറ പ്രവര്‍ത്തിച്ചത്. ചിത്രം പകര്‍ത്തിയ ശേഷം താന്‍ അവളോട് സംസാരിച്ചതായും ശ്രീനിവാസ് വ്യക്തമാക്കുന്നു. പതിവായി അവള്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കായി വരാറുണ്ടെന്ന് അങ്ങനെയാണ് മനസിലാക്കിയത്.

ചിത്രം കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മാമിഡിപ്പുഡി വെങ്കടരങ്കയ്യ ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെട്ടു. സംഘടനയുടെ കണ്‍വീനര്‍ ആര്‍ വെങ്കട്ട് റെഡ്ഡി തങ്ങളുടെ കോര്‍ഡിനേറ്ററെ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനായി നിയോഗിക്കുകയും ചെയ്തു. ദിവ്യയുടെ മാതാപിതാക്കള്‍ മാലിന്യം ശേഖരിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. മകളെ വീട്ടിലാക്കിയാണ് ലക്ഷ്മണനും ഭാര്യ യശോധയുടെ മാലിന്യ ശേഖരിക്കാന്‍ പോയിരുന്നത്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടിയിരുന്നു. ദിവ്യ ഇവരുടെ ഇളയകുട്ടിയാണ്. ഈവര്‍ഷം തുടക്കത്തില്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് വയസ്സ് തികയാത്തതിനാല്‍ അതിന് സാധിച്ചിരുന്നില്ല. ഇവരുടെ മൂത്ത മകള്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നുണ്ട്.

തുടര്‍ന്ന് സംഘടന സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു. അവള്‍ക്ക് സ്‌കൂള്‍ യൂണിഫോം മറ്റും നല്‍കി ഇതേ സ്‌കൂളില്‍ അഡ്മിഷനും നേടിക്കൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച മുതല്‍ തന്റെ മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയെന്ന് കുട്ടിയുടെ ലക്ഷ്മണന്‍ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.