ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ അഥവാ എച്ച്പിവി വാക്സിൻ സെർവിക്കൽ ക്യാൻസർ കേസുകളുടെ എണ്ണത്തെ 90 ശതമാനത്തോളം കുറയ്ക്കുന്നതായുള്ള കണക്കുകൾ പുറത്ത്. ക്യാൻസർ റിസർച്ച് യുകെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഈ കണ്ടെത്തൽ വാക്സിൻ ജീവൻ രക്ഷിക്കുന്നു എന്നതിനുള്ള തെളിവാണ്. മിക്കവാറുമുള്ള സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത് വൈറസ് മൂലമാണ്. വാക്സിനേഷനുകൾ ഈ രോഗങ്ങളെ ഏതാണ്ട് ഇല്ലാതാക്കും എന്നാണ് പ്രതീക്ഷ. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദങ്ങളിൽ ഒന്നാണ് സെർവിക്കൽ ക്യാൻസർ. ഏകദേശം 30 ലക്ഷത്തിലധികം പേരാണ് ഇതുമൂലം ഓരോ വർഷവും മരണമടയുന്നത്. ദരിദ്ര രാജ്യങ്ങളിൽ സെർവിക്കൽ ക്യാൻസറുള്ള രോഗികളിൽ പത്തിൽ ഒൻപത് പേരും മരിക്കുന്നു. യുകെ പോലുള്ള സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ ഈ രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.
സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി നൂറിലധികം രാജ്യങ്ങളാണ് വാക്‌സിൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുള്ളത്. യുകെയിൽ 11ഉം 13ഉം വയസിനിടയിലുള്ള പെൺകുട്ടികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് വാക്സിൻ നൽകുന്നു. 2019 ആൺകുട്ടികൾക്കും വാക്‌സിൻ നൽകുന്നുണ്ട്. എച്ച്പിവി വാക്സിന് അണുബാധയെ തടയാൻ മാത്രമേ സാധിക്കുള്ളൂ, ഒരിക്കൽ വൈറസ് പിടിപെട്ടാൽ പിന്നെ ശരീരത്തിൽനിന്നിത് മാറില്ല.
2008-ൽ വാക്സിൻ ലഭിച്ച പെൺകുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന പഠന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഈ പെൺകുട്ടികൾ ഇപ്പോൾ ഇരുപതുകളിൽ പ്രായമുള്ളവരാണ്. ഇവരിൽ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത 87 ശതമാനമായി കുറഞ്ഞു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പഠന റിപ്പോർട്ട് വാക്സിൻ സെർവിക്കൽ ക്യാൻസർ തടയുന്നതിന് എത്രമാത്രം പ്രധാന പങ്കുവഹിക്കുന്നുവെന്നതിൻെറ തെളിവാണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരിലൊരാളായ പ്രൊഫ.പീറ്റർ സാസിയേനി പറഞ്ഞു. എച്ച്പിവി വാക്സിൻ പ്രോഗ്രാം വഴി ഏകദേശം 450 ക്യാൻസറുകളും 17200 പ്രീക്യാൻസറുകളും തടയാൻ സാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Leave a Reply