വാഷിംഗ്ടണ്‍: സെലിബ്രിറ്റികളുടെയും മോഡലുകളുടെയും നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് ശ്രദ്ധേയമായ പ്ലോബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. പ്ലേബോയ് മാന്‍ഷന്‍ എന്നറിയപ്പെട്ടിരുന്ന ലോസ് ഏന്‍ജലസിലെ വസതിയിലായിരുന്നു ഹെഫ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹെഫ്‌നറുടെ അന്ത്യം. 60 വര്‍ഷം മുമ്പാണ് ഹെഫ്‌നര്‍ പ്ലേബോയ് മാസിക ആരംഭിച്ചത്. 1926 ഏപ്രില്‍ 9നാണ് ഇദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രണ്ട് വര്‍ഷം സൈനികസേവനം അനുഷ്ഠിച്ചു. പിന്നീട് എസ്‌ക്വയര്‍ മാസികയില്‍ കോപ്പിറൈറ്ററായി പ്രവര്‍ത്തിച്ചിരുന്നു.

പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള വിലകൂടിയ മാസികയായി ആരംഭിച്ച പ്ലോബോയ് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ആഴമേറിയ ലേഖനങ്ങളും സാഹിത്യവും അഭിമുഖങ്ങളും അടങ്ങിയവയായിരുന്നു. 1953ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മാസിക കുറഞ്ഞ കാലത്തിനുള്ളില്‍ വലിയൊരു ബ്രാന്‍ഡായി മാറി. 8000 ഡോളര്‍ മൂലധനവുമായാണ് പ്ലേബോയ് പ്രസിദ്ധീകരണം ആരംഭിച്ചത്. മര്‍ലിന്‍ മണ്‍റോയുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ച ഡിസംബര്‍ പതിപ്പിന് വായനക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ പതിപ്പ് മാത്രം 50,000 കോപ്പികള്‍ വിറ്റഴിഞ്ഞു.

കനത്ത ലേഖനങ്ങള്‍ക്കും കലാ, രാഷ്ട്രീയ, സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ അഭിമുഖങ്ങള്‍ക്കുമൊപ്പം നഗ്നസുന്ദരികളുടെ ചിത്രങ്ങള്‍ നല്‍കിയാണ് പ്ലേബോയ് കളംപിടിച്ചത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ അഭിമുഖം 1965ല്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖരായ സാഹിത്യകാരന്‍മാരുടെ സൃഷ്ടികളും ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. നിരവധി സിനിമകളിലും ഹെഫ്‌നര്‍ മുഖംകാട്ടിയിട്ടുണ്ട്.