ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന്റെ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിട്രേഷനും പശ്ചിമബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ചു.

‘ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ല. ബംഗാളില്‍നിന്നും ആളുകളെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ ഞാന്‍ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പിലാക്കില്ല. ഇവിടെ ആര് താമസിക്കണം എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുക’ മമത പറഞ്ഞു.

ഹിന്ദു അഭയാര്‍ത്ഥികള്‍ നിരവധിയായുള്ള പര്‍ഗാണ ലോക്സഭാ മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത ബാനര്‍ജി ആരോപിച്ചു.

മതുവ വിഭാഗങ്ങളും ഹിന്ദു അഭയാര്‍ത്ഥികളും കൂടുതലുള്ള കേന്ദ്രങ്ങളില്‍ ബിജെപി കേന്ദ്രങ്ങള്‍ തയ്യാറാക്കി അവരെ തൃണമൂലില്‍നിന്നും ബിജെപിയിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തൃണമൂലിന് വലിയ പിന്തുണയുള്ള പ്രദേശമാണ് ഇത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ ദേശീയ നേതാക്കള്‍ ബംഗാള്‍ സന്ദര്‍ശനം നടത്തുന്നതിനെയും മമത അടിച്ചാക്ഷേപിച്ചു. ‘പുറത്തുനിന്നുള്ള ചില തെരുവുതെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പണം വാഗ്ദാനം ചെയ്യുകയാണ്. എനിക്കെതിരെയാണ് നിങ്ങള്‍ക്ക് പോരടിക്കേണ്ടതെങ്കില്‍, രാഷ്ട്രീയപരമായി പോരാടൂ’, മമത വെല്ലുവിളിച്ചു.

കര്‍ഷകരെ അവരുടെ മണ്ണില്‍നിന്നും വലിച്ചെറിഞ്ഞ് കോര്‍പറേറ്റുകളെ സ്ഥാപിക്കാനായാണ് കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകളെന്നും മമത പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്.

രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.