ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് മൂലം വിമാനസര്‍വീസുകള്‍ താറുമാറായി. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇന്ന് 40 സര്‍വീസുകളാണ് റദ്ദാക്കിയത്. ക്യാബിന്‍ ക്രൂവില്‍ ഒരു വിഭാഗം നടത്തുന്ന സമരവും ഫ്രഞ്ച് എയര്‍ ട്രാഫിക് ജീവനക്കാര്‍ നടത്തുന്ന സമരവുമാണ് സര്‍വീസുകളെ ബാധിച്ചത്. ഫ്രാന്‍സിലെ ബ്രെസ്റ്റ്, ബോര്‍ദോ സെന്ററുകളിലെ എയര്‍ ട്രാഫിക് ജീവനക്കാര്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് സമരം നടത്തുന്നത്.
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്. ജര്‍മനിയില്‍ തങ്ങളുടെ അതേ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളവും ജോലിഭാരത്തില്‍ കുറവും ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇതോടെ വെസ്റ്റ്, സൗത്ത് വെസ്റ്റ് ഫ്രഞ്ച് പ്രദേശങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. യുകെയില്‍ നിന്നുള്ള ഒട്ടേറെ സര്‍വീസുകളെ ഇത് ബാധിക്കും.

പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് വലിയ വിമാനങ്ങള്‍ അയക്കാനാണ് പദ്ധതിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇത്. മാഡ്രിഡ്, ബാഴ്‌സലോണ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും സമരം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എയര്‍ ഫ്രാന്‍സ് പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഡൊമസ്റ്റിക് സര്‍വീസുകളാണ് പരമാവധി റദ്ദാക്കാന്‍ കമ്പനി ശ്രമിക്കുന്നത്.