ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹീത്രു എയർപോർട്ടിലെ കാർഗോ പാക്കേജിനുള്ളിൽ യുറേനിയത്തിന്റെ അംശം കണ്ടെത്തിയ സംഭവത്തിൽ 60-കാരൻ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കി പോലീസ്. പാകിസ്ഥാനിൽ നിന്ന് തയാറാക്കിയ ഈ പാക്കേജ് ഡിസംബർ 29 നാണ് മസ്‌കറ്റിൽ നിന്ന് ഒമാൻ എയർ പാസഞ്ചർ ജെറ്റിൽ ഹീത്രൂ ടെർമിനൽ നാലിൽ കണ്ടെത്തിയത്.

യുകെ ബോർഡർ ഫോഴ്‌സിൻെറ സ്പെഷ്യലിസ്റ്റ് സ്കാനറുകളാണ് പതിവ് പരിശോധനയ്ക്കിടെ പാക്കേജിൽ യുറേനിയം കണ്ടെത്തിയത്. ഉടൻ തന്നെ മെട്രോപൊളിറ്റൻ പോലീസിന്റെ ഭീകരവിരുദ്ധ കമാൻഡിലെ ഉദ്യോഗസ്ഥരെ അധികൃതർ ബന്ധപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 2006 ലെ തീവ്രവാദ നിയമത്തിലെ സെക്ഷൻ 9 ആരോപിച്ച് ചെഷയറിൽ താമസിക്കുന്ന അറുപതുകാരനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ സ്റ്റേഷനിൽ കൊണ്ടുപോയ ഇയാളെ ഏപ്രിൽ മാസം വരെ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളെ അറസ്റ്റ് ചെയ്‌ത വിലാസത്തിൽ സ്പെഷ്യലിസ്റ് പോലീസ് അംഗങ്ങൾ പരിശോധന നടത്തി. എന്നാൽ ജനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്ന തലത്തിലുള്ള വസ്തുക്കളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഹീത്രൂ വിമാനത്താവളത്തിലെ ഒരു പാക്കേജിനുള്ളിൽ യുറേനിയം കണ്ടെത്തിയത് ആശങ്കാജനകമാണെന്നും അതേസമയം നമ്മുടെ നടപടിക്രമങ്ങളും പരിശോധനകളും എത്രമാത്രം കാര്യക്ഷമമാണ് എന്ന് ഇത് കാണിക്കുന്നതായും മെറ്റിന്റെ ഭീകരവിരുദ്ധ കമാൻഡിന് നേതൃത്വം നൽകുന്ന കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. സംഭത്തെ തുടർന്ന് അന്വേഷണം തുടങ്ങിയപ്പോൾ മുതൽ ഇത് പൊതുജനങ്ങൾക്ക് ഭീഷണി അല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിരുന്നു.

യുകെ ബോർഡർ ഫോഴ്‌സ് നടത്തുന്ന സ്പെഷ്യലിസ്റ്റ് സ്കാനറുകളുടെ പതിവ് പരിശോധനയിലാണ് പാക്കേജിനുള്ളിലെ യുറേനിയം കണ്ടെത്തിയത്. റേഡിയോ ആക്ടീവ് വസ്തുക്കൾക്കായുള്ള പ്രത്യേക ഐസൊലേഷൻ റൂമിലേക്ക് ഉടൻ തന്നെ പാക്കേജ് എത്തിച്ചു. എന്നാൽ വളരെ ചെറിയ അളവിൽ കണ്ടെത്തിയ യുറേനിയം ‘ആയുധം-ഗ്രേഡ്’ അല്ലെന്നും തെർമോ ന്യൂക്ലിയർ ആയുധം നിർമ്മിക്കാൻ ഉപയോഗിക്കാനാവില്ലെന്നും പിന്നീട് കണ്ടെത്തി.