ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പങ്കാളിയും കുറ്റക്കാരെന്ന് കോടതി. ദമ്പതികൾ കൊലപാതകം നിഷേധിച്ചിരുന്നുവെങ്കിലും ലീഡ്സ് ക്രൗൺ കോടതിയിൽ ആറാഴ്ചത്തെ വിചാരണയ്ക്ക് ശേഷം ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞു. കൊടിയ പീഡനത്തിനിരയായാണ് സെബാസ്റ്റ്യൻ കലിനോവ്‌സ്‌കി മരിച്ചത്. ഹഡേഴ്‌സ്‌ഫീൽഡിൽ വെച്ച് 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ അഗ്‌നീസ്‌ക കലിനോവ്‌സ്‌ക, പങ്കാളി ആൻഡ്രെജ് ലറ്റോസ്‌സെവ്‌സ്‌കി എന്നിവർ ചേർന്ന് കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു.

സെബാസ്റ്റ്യനെ ബെഡ് സ്ലാറ്റ് ഉപയോഗിച്ച് മർദിക്കുകയും കേബിൾ കൊണ്ട് അടിക്കുകയും സൂചികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് കോടതിയിൽ വെളിപ്പെട്ടു . വാരിയെല്ലുകൾ ഒടിഞ്ഞുണ്ടായ അണുബാധയെത്തുടർന്ന് ഓഗസ്റ്റ് 13 ന് സെബാസ്റ്റ്യൻ ആശുപത്രിയിൽ മരിച്ചു. അമ്മയുടെയും പങ്കാളിയുടെയും പീഡനത്തിരയായാണ് കുട്ടി മരിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

കുട്ടിയെ നൂറിലധികം തവണ അടിക്കുന്നതും വായിൽ ബലമായി ഭക്ഷണം തിരുകി കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സെബാസ്റ്റ്യൻ അബോധാവസ്ഥയിൽ കിടന്നിട്ടും രണ്ട് മണിക്കൂറിന് ശേഷമാണ് ലറ്റോസെവ്സ്കി ആംബുലൻസ് വിളിച്ചത്. സ്വന്തം മകനെ മർദിക്കുന്നത് കണ്ട അമ്മ ചിരിക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. ശിക്ഷ ഒക്ടോബറിൽ പ്രഖ്യാപിക്കും.