ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ചൈനീസ് എംബസിക്ക് മുൻപിൽ വൻ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ ടവറിന് സമീപമുള്ള റോയൽ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.
അഞ്ച് ഏക്കർ (രണ്ട് ഹെക്ടർ) വരുന്ന ഈ സ്ഥലം ചൈന വാങ്ങിയിരുന്നു. ഇവിടെ യൂറോപ്പിലെ തങ്ങളുടെ ഏറ്റവും വലിയ എംബസി നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്. 2022-ൽ ടവർ ഹാംലെറ്റ്‌സ് കൗൺസിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇവിടെ എംബസി പണിയാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു കൗൺസിൽ നടപടി നിഷേധിച്ചത്. കൗൺസിൽ തീരുമാനത്തിനെതിരെ ഇടപെടാൻ കൺസർവേറ്റീവ് പാർട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.
ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം ചൈനീസ് സർക്കാർ തങ്ങളുടെ മുൻ പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് കെയർ സ്റ്റാർമറുമായി നേരിട്ട് ഈ വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാരായ യെവെറ്റ് കൂപ്പറും ഡേവിഡ് ലാമിയും ഈ നിർദ്ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകെയിൽ അഭയം തേടിയ ഹോങ്കോങ്ങിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയോജിപ്പുള്ളവരെ നിയന്ത്രിക്കാനും നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാനും എംബസി ഉപയോഗിക്കുമെന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
Leave a Reply