ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ് ഹാമിലെ ഒരു വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളെ ആക്രമിച്ചതായി കരുതുന്ന രണ്ട് നായ്ക്കൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ബുധനാഴ്ചയാണ് 33 കാരനെ ആബറിലെ വീടിൻറെ പിൻഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇതിനോടകം രണ്ട് നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടയാളെ ആക്രമിച്ചു എന്നു കരുതുന്ന രണ്ട് നായ്ക്കളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.


കൊല്ലപ്പെട്ടയാളുടെ മരണത്തെ കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മറ്റു നായ്ക്കളെ കണ്ടെത്തുക എന്നതാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഡോഗ് യൂണിറ്റിലെ ഇൻസ്‌പി ലീൻ ചാപ്‌മാൻ പറഞ്ഞു. നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്ന ആളുടെ മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണ് പോലീസ്. ഒരു നായയുടെ ആക്രമണത്തിലാണോ നായ്ക്കൾ കൂട്ടമായി നടത്തിയ ആക്രമണമാണോ മരണത്തിലേയ്ക്ക് നയിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരണം.


ബുധനാഴ്ച രാവിലെയാണ് ഹെർഫോർഡ് ക്ലോസിലുള്ള ഒരു വീട്ടിൽ നായ്ക്കളുടെ ആക്രമണമുണ്ടായതായി പോലീസിന് അടിയന്തിര സഹായത്തിനായുള്ള വിളി എത്തിയത്. ആക്രമണം നടത്തിയതായി കരുതുന്ന നായ്ക്കൾക്കായി വിപുലമായ തിരച്ചിൽ ആണ് പോലീസ് നടത്തുന്നത്. വിശാലമായ പ്രദേശത്ത് തിരച്ചിൽ നടത്താൻ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട് . നായ്ക്കളെ കണ്ടെത്തിയാൽ അവ ആക്രമകാരികളാണെന്നും സമീപിക്കരുതെന്നുമുള്ള മുന്നറിയിപ്പ് പോലീസ് നൽകിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തികൾ നായ്ക്കളെ അഴിച്ചുവിട്ടതായി കണ്ടെത്തിയാലും പോലീസിനെ അറിയിക്കണം.