ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ പല സ്ഥലങ്ങളിലും കുട്ടികൾ പല്ലുവേദനയുമായി ചികിത്സ കിട്ടാതെ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ശരാശരി ദന്തരോഗ വിദഗ്ധനെ കാണാനായി 18 മാസം വരെ കാത്തിരിപ്പു സമയം അധികരിച്ചതായാണ് കണ്ടെത്തൽ . വേദന സഹിച്ച് മൂന്നുവർഷമായി ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ അനുഭവം മാതാപിതാക്കൾ ബിബിസി ന്യൂസുമായി പങ്കുവച്ചു.

ഈ വർഷത്തിന്റെ തുടക്കത്തിൽ 18 വയസ്സിന് താഴെയുള്ള 12,000 -ത്തിലധികം പേരാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസ് ചികിത്സയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. സാധാരണ ജിപിയുടെ അടുത്ത് ചികിത്സിക്കാൻ കഴിയാത്ത ഗുരുതരമായ ദന്തരോഗ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് . ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ വിദഗ്ധ സേവനം ലഭിക്കുന്നതിന് 80 ആഴ്ച വരെ കാത്തിരിക്കേണ്ടി വന്നതായുള്ള കണ്ടെത്തൽ എൻഎച്ച്എസിലെ അധികരിക്കുന്ന കാത്തിരിപ്പ് സമയത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ്.


എന്നാൽ ചില സ്ഥലങ്ങളിൽ കാത്തിരിപ്പ് സമയം വളരെ കുറവാണ്. മേഴ്സി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഇത് വെറും മൂന്ന് ആഴ്ചകൾ മാത്രമാണ്. എൻ എച്ച്സിലെ കാത്തിരിപ്പ് സമയത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശാവഹമല്ല. എസെക്സിലെ സോവർകോർട്ടിൽ നിന്നുള്ള 8 വയസ്സുകാരി തൻറെ മോശം പല്ലുകൾ നീക്കം ചെയ്യുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു വർഷമായി. മകൾ എല്ലാ ദിവസവും രാത്രിയിൽ അനുഭവിക്കുന്ന വേദന തങ്ങളുടെ തീരാ നൊമ്പരമാണെന്ന് എല്ലയുടെ പിതാവ് ചാർളി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ ലഭിക്കാത്തതിനാൽ പല്ലുവേദനയുമായി സ്കൂളുകളിൽ എത്തുന്ന പല വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് മെയ്ബറി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപിക ആലിസർ ഗ്രന്‌ഥം അഭിപ്രായപ്പെട്ടു