നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. സിനിമയിലും സീരിയലിലും അവസരം നിഷേധിക്കപ്പെട്ട് നാടകവേദിയിലെത്തിയതാണ് മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും വിനയന്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

രണ്ട് വര്‍ഷത്തെ സജീവമായ നാടകാഭിനയമാണ് ആരോഗ്യം പടിപടിയായി കുറച്ച് തിലകന്‍ ചേട്ടന്റെ മരണത്തിന് കാരണമായത്. സിനിമയിലും സീരിയലിലും എല്ലാം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ നാടകത്തില്‍ നിന്നും വന്നവനാണെന്നും അവിടെ എന്നെ ആരും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിന് നാടകത്തിലെ സ്റ്റേജ് അഭിനയത്തിന്റെ ആയാസം താങ്ങാനാകില്ലെന്ന് തനിക്കറിയാമായിരുന്നു. പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. അമ്പലപ്പുഴ രാധാകൃഷ്ണന്‍ തിലകന് വേണ്ടി രൂപംകൊടുത്ത നാടക ഗ്രൂപ്പിന് അക്ഷരജ്വാല എന്ന് പേരിട്ടത് താനാണെന്നും വിനയന്‍ അറിയിച്ചു.

ഏറെ കഷ്ടപ്പെട്ടാണ് ഹരിഹരന്‍ പ്രസിഡന്റും താന്‍ സെക്രട്ടറിയുമായി മാക്ട ഫെഡറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2007ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ചു. അന്നുതൊട്ട് മാക്ടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നമായിരുന്നു തുടക്കം. മൂന്ന് മാസത്തിനകം ദിലീപ് തുളസീദാസുമായി കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു മാക്ടയുടെ തീരുമാനം. മൂന്ന് ദിവസത്തിന് ശേഷം മാക്ടയില്‍ അംഗങ്ങളായ പല സംവിധായകരും വിനയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാന്‍ തുടങ്ങി. പലരും വ്യക്തിപരമായി തന്നെ വിളിച്ച് വേറെ നിവൃത്തിയില്ലാത്തതിനാലാണെന്ന് അറിയിച്ചിരുന്നുവെന്നും വിനയന്‍ വെളിപ്പെടുത്തുന്നു. സംവിധായകന്‍ ജോസ് തോമസ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതും വിനയന്‍ വെളിപ്പെടുത്തി. ദിലീപ് ആണ് ജോസിന്റെ പേര് രാജിവയ്ക്കുന്നവരുടെ കൂട്ടത്തില്‍ പറഞ്ഞത്. പിന്നീടാണ് ജോസിനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോസ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

മാക്ടയ്ക്ക് പകരം ഫെഫ്ക രൂപീകരിക്കപ്പെട്ടതോടെ വിനയന്റെ സിനിമകളില്‍ അഭിനയിച്ചുകൂടാ എന്ന വിലക്ക് വന്നു. എന്നാല്‍ ആ സമയത്ത് താന്‍ യക്ഷിയും ഞാനും എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആരും അഭിനയിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ തിലകന്‍ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അമ്മയില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും ആരും അഭിനയിക്കാന്‍ വിളിക്കാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന്. യക്ഷിയും ഞാനും അദ്ദേഹത്തിനൊരു റിലീഫ് ആയി. എനിക്ക് അദ്ദേഹത്തിന്റെ വരവ് ശക്തമായ പിന്തുണയും.

അതോടെ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. സോഹന്‍ റോയിയുടെ ഹോളിവുഡ് ചിത്രം ഡാം 999 ആയിരുന്നു പിന്നീട് അദ്ദേഹത്തിന് വന്ന വേഷം. ഈ ചിത്രത്തിലൂടെ തിലകന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്ന് സോഹന്‍ അവകാശപ്പെടുകയും ചെയ്തതാണ്. ഈ കഥാപാത്രത്തിനായി തിലകന്‍ ചേട്ടന്‍ രാത്രിയിലിരുന്ന ഇംഗ്ലീഷ് ഡയലോഗുകളെല്ലാം കാണാതെ പഠിക്കുന്നുണ്ടായിരുന്നു. ഉഗ്രന്‍ റോളാണെന്ന് എന്നോടും പറഞ്ഞു. എന്നാല്‍ തിലകന്‍ ചേട്ടന്‍ ലൊക്കേഷനില്‍ വന്നാല്‍ ടെക്‌നീഷ്യന്മാരെല്ലാം പണി നിര്‍ത്തി പോകുമെന്നാണ് സോഹന്‍ പിന്നീട് പറഞ്ഞത്. അതോടെ തിലകന്‍ ചേട്ടന്‍ വയലന്റായി. കാനം രാജേന്ദ്രനും മറ്റും ഇടപെട്ടാണ് അദ്ദേഹത്തിന് സോഹന്‍ റോയിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി നല്‍കിയത്.

പിന്നീടൊരിക്കല്‍ താന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് തിലകന്‍ ചേട്ടന്‍ തന്നോട് പറഞ്ഞെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. സീരിയല്‍ നിര്‍മ്മാതാവ് അഡ്വാന്‍സുമായി വിനയന്റെ വീട്ടിലെത്താമെന്നാണ് പറഞ്ഞതെന്നും തിലകന്‍ വിനയനെ അറിയിച്ചു. എന്നാല്‍ തന്റെ വീട്ടിലെത്തിയ നിര്‍മ്മാതാവ് കൈകൂപ്പിക്കൊണ്ട് ഇതു നടക്കില്ല സാറേ എന്നാണ് പറഞ്ഞത്. തന്നോട് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ സാധാരണ പൊട്ടിത്തെറിക്കാറുള്ള തിലകന്‍ ചേട്ടന്‍ ഇവിടെ ‘നീ പോ’ എന്ന് കയ്യാഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സിംഹത്തെപ്പോലെ പ്രതികരിക്കുന്ന തിലകന്‍ ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു’ വിനയന്‍ വ്യക്തമാക്കുന്നു.

അമ്പത് ദിവസത്തോളം തിയറ്ററില്‍ ഓടിയ ഡ്രാക്കുള എന്ന തന്റെ ചിത്രത്തിന് സാറ്റലൈറ്റ് അവകാശം കിട്ടാതിരിക്കാന്‍ ദിലീപ് കളിച്ചുവെന്നാണ് വിനയന്‍ പറയുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച ചെറുപ്പക്കാരനാണ് ദിലീപ്. താന്‍ സ്വന്തം അനിയനെപ്പോലെ ആറേഴ് വര്‍ഷം കൂടെക്കൊണ്ടു നടന്ന ദിലീപും ഒരു സൂപ്പര്‍സ്റ്റാറും ചേര്‍ന്ന് ചാനലില്‍ വിളിച്ച് തങ്ങള്‍ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നല്‍കിയാല്‍ അയാള്‍ അടുത്ത പടം അനൗണ്‍സ് ചെയ്യുമെന്നും ഇത് തുടര്‍ന്നാല്‍ തങ്ങളാരും നിങ്ങളുടെ പരിപാടികള്‍ക്കോ ഷോകള്‍ക്കോ ടീവിയിലോട്ട് കയറത്തില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിനയന്‍ വ്യക്തമാക്കുന്നു.