ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ 38കാരനായ ധോണി കളിക്കുമോ എന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇതിനിടെ താന്‍ എപ്പോള്‍ ക്രിക്കറ്റ് മതിയാക്കുമെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മ. ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത് വിരമിക്കല്‍ എപ്പോഴെന്ന സൂചന നല്‍കിയത്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നത് ക്രിക്കറ്റ് പോലെ പ്രധാനമാണെന്ന് രോഹിത് പറഞ്ഞു. ഇന്ത്യയിലെ സംസ്കാരം അനുസരിച്ച് കുടുംബം ഒരുമിച്ച് കഴിയുന്നത് കണ്ടാണ് ഞങ്ങളൊക്കെ വളരുന്നത്. അതുകൊണ്ട് കുടുംബം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പക്ഷെ വളര്‍ന്നു കഴിയുമ്പോള്‍ നമ്മളില്‍ പലരും ക്രിക്കറ്റാണ് ജീവിതമെന്ന് പറയും.
ക്രിക്കറ്റിന് അപ്പുറവും ജീവിതമുണ്ടെന്ന് മനസിലാക്കണം. എനിക്ക് ഒരു 38-39 വയസൊക്കെ ആവുമ്പോ കളി നിര്‍ത്തണം എന്നാണ് ആഗ്രഹം. 2025ലോ 2026ലോ ആവും അത്. എന്തായാലും അത് നീട്ടിക്കൊണ്ടുപോകില്ല. താങ്കള്‍ എപ്പോള്‍ വിരമിക്കുമെന്ന് എനിക്കറിയില്ല-വാര്‍ണറോട് തമാശയായി രോഹിത് പറഞ്ഞു.38-39 വയസില്‍ വിരമിച്ചശേഷം പൂര്‍ണമായും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും രോഹിത് പറഞ്ഞു.
രോഹിത് അടുത്തിടെയാണ് 33-ാം പിറന്നാള്‍ ആഘോഷിച്ചത്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമായ രോഹിത് ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവുമാണ്
Leave a Reply