ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കരിങ്കുന്നം സ്വദേശി ചൂരക്കാട്ട് ജോമോൻ ജോർജിന്റെ ചികിത്സാ സഹായത്തിനായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ. നടത്തിയ ധനസമാഹരണം അവസാനിച്ചു. ചാരിറ്റിയിലൂടെ 1,410 പൗണ്ട് (1,73,475 രൂപ) ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. തൊടുപുഴ–കരിങ്കുന്നം പ്രദേശത്ത് ആംബുലൻസ് ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ജോമോന്റെ ദുരിതാവസ്ഥ അറിഞ്ഞാണ് സഹായമെത്തിക്കാൻ ചാരിറ്റി ഗ്രൂപ്പ് മുന്നിട്ടിറങ്ങിയത്. സഹായിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. ലഭിച്ച തുകയുടെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ സംഗ്രഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭാവന നൽകിയവർക്ക് ബാങ്കിന്റെ പൂർണ സ്റ്റേറ്റ്മെന്റ് വാട്സാപ്പിലൂടെ അയച്ചുനൽകും.

നിലവിൽ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന ജോമോൻ, സഹായത്തുകയുടെ ചെക്ക് കരിങ്കുന്നം ലൈവ് ഉടമ ജെയിംസിനെ ഏൽപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് മാഞ്ചസ്റ്ററിൽ താമസിക്കുന്ന കരിങ്കുന്നം സ്വദേശിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അഭ്യുദയകാംക്ഷിയുമായ ഷോയി ചെറിയാൻ ചെക്ക് ജെയിംസിന് കൈമാറും. ജോമോന്റെ രോഗവിവരം ഗ്രൂപ്പിനെ അറിയിച്ചത് സ്വിന്റണിൽ താമസിക്കുന്ന കരിങ്കുന്നം സ്വദേശി പ്രിൻസ് മാത്യു ഏലംന്താനത്താണ്. അദ്ദേഹത്തിനും ഭാരവാഹികൾ നന്ദി അറിയിച്ചു.
കേരളത്തിൽനിന്ന് യു.കെയിലേക്ക് കുടിയേറിയ, ജീവിതത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ട് അറിഞ്ഞവരുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ. ജാതി, മത, വർഗ, വർണ, ദേശ വ്യത്യാസങ്ങളില്ലാതെ കേരളത്തിലും യു.കെയിലുമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇതുവരെ ഏകദേശം 1.84 കോടി രൂപയുടെ സഹായം നൽകാൻ കഴിഞ്ഞതായി ഗ്രൂപ്പ് അറിയിച്ചു. ലണ്ടനിലെ ഒരു കാരവൻ പാർക്കിൽ കടുത്ത പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് 31 ലക്ഷം രൂപ സമാഹരിച്ച് നൽകിയതാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ സഹായപ്രവർത്തനങ്ങളിലൊന്ന്. സാബു ഫിലിപ്പ് (07708181997), ടോം ജോസ് തടിയംപാട് (07859060320), സജി തോമസ് (07803276626) എന്നിവരാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. തമ്പി ജോസാണ് രക്ഷാധികാരി.











Leave a Reply